06:19pm 18 April 2026
NEWS
സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ പേർ പ്രതികളായ പോക്സോ കേസിൽ കുറ്റപത്രം സമർപ്പിച്ചു
26/04/2025  11:57 AM IST
nila
സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ പേർ പ്രതികളായ പോക്സോ കേസിൽ കുറ്റപത്രം സമർപ്പിച്ചു

കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതികളുള്ള പോക്സോ കേസിൽ കുറ്റപത്രം സമർപ്പിച്ചു. 59 പ്രതികളുള്ള പീഡനക്കേസിലാണ് പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി-1 ൽ കുറ്റപത്രം സമർപ്പിച്ചത്. 59 പ്രതികളിൽ വിദേശത്തുള്ള രണ്ടുപേർ ഒഴികെ മറ്റുള്ള എല്ലാവരെയും അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തുള്ള രണ്ട് പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 

അഞ്ച് പൊലീസ് സ്റ്റേഷനുകളിലായുള്ള 30 കേസുകളിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അയൽവാസിയും നാട്ടുകാരും സഹപാഠികളും അടക്കമുള്ളവരാണ് പ്രതികൾ. കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ട് പോകൽ, ലൈംഗിക പീഡനം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കൂടാതെ അഞ്ച് കേസുകളിൽ പ്രതികൾക്കെതിരേ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമവും ചുമത്തിയിട്ടുണ്ട്.

സമീപവാസിയായ യുവാവാണ് പെൺകുട്ടിയെ ആദ്യം ദുരുപയോഗം ചെയ്തത്. സൗഹൃദം നടിച്ച് ലൈം​ഗികഹന്ധത്തിലേർപ്പെട്ട ഇയാൾ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു. പീഡനദൃശ്യങ്ങൾ കണ്ടവരിൽ പലരും കുട്ടിയുമായി സമൂഹമാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിക്കുകയും ദുരുപയോഗം ചെയ്യുകയുമാണ് ഉണ്ടായതെന്ന് കുറ്റപത്രത്തിൽ പറയുന്നു.

അപൂർവതകൾ ഏറെയുള്ള കേസിലാണ് ഇപ്പോൾ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പീഡന പരമ്പര സ്ഥിരീകരിക്കുമ്പോൾ സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ പേർ പ്രതികളായ സംഭവമാണിത്. പ്രതിപ്പട്ടികയിൽ പ്രായപൂർത്തിയാക്കാത്ത അഞ്ചുപേരുമുണ്ട്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് ഇലവുംതിട്ട സ്റ്റേഷനിലാണ്. 17 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. പത്തനംതിട്ട സ്റ്റേഷനിൽ 12-ഉം മലയാലപ്പുഴ, പന്തളം, കല്ലമ്പലം സ്റ്റേഷനുകളിൽ ഓരോ കേസും രജിസ്റ്റർ ചെയ്തു. പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്ത ഒരുകേസിലാണ് രണ്ട് പ്രതികളെ കിട്ടാനുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img