10:24am 08 August 2026
NEWS
പ്രളയ രക്ഷാപ്രവർത്തന വാഹനത്തിന് പിഴ; എംവിഡി ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
07/08/2026  01:10 PM IST
nila
പ്രളയ രക്ഷാപ്രവർത്തന വാഹനത്തിന് പിഴ; എംവിഡി ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പത്തനംതിട്ട: പ്രളയ രക്ഷാപ്രവർത്തനങ്ങളിൽ ഉപയോഗിച്ച വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തിൽ അടൂർ എംവിഡി സ്‌ക്വാഡിലെ ഉദ്യോഗസ്ഥൻ ലൈജുവിനെ ഗതാഗത വകുപ്പ് സസ്‌പെൻഡ് ചെയ്തു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത വാഹനത്തിനെതിരായ നടപടി വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് വകുപ്പ് നടപടിയിലേക്ക് നീങ്ങിയത്.

അടൂർ ബൈപ്പാസിൽ നടന്ന പതിവ് വാഹന പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥൻ വാഹനം തടഞ്ഞത്. ആറൻമുളയിലെ പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്ന വാഹനമാണിതെന്ന് പിന്നീട് വ്യക്തമായി. വാഹനത്തിൽ അനധികൃത ആഡംബര ലൈറ്റുകൾ ഘടിപ്പിച്ചതും സാധുവായ പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതുമാണ് ചൂണ്ടിക്കാട്ടി ആദ്യം 7,000 രൂപ പിഴ ചുമത്തിയത്. പിന്നീട് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനെ തുടർന്ന് പിഴ 5,250 രൂപയായി കുറച്ചു.

സംഭവം വിവാദമായതോടെ അബിൻ വർക്കി എംഎൽഎയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പിഴത്തുക സമാഹരിച്ച് വാഹന ഉടമയ്ക്ക് കൈമാറുകയും തുടർന്ന് പിഴ അടച്ച് കേസ് തീർപ്പാക്കുകയും ചെയ്തു.

ഇതിനുശേഷമാണ് ഗതാഗത വകുപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്. എന്നാൽ, ഈ നടപടി പുതിയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. നിയമാനുസൃതമായ പരിശോധനയും കൃത്യനിർവഹണവും നടത്തിയ ഉദ്യോഗസ്ഥനെ ശിക്ഷിച്ചത് ശരിയല്ലെന്നാണ് ഒരു വിഭാഗത്തിന്റെ വിമർശനം.

പരിശോധന നടന്ന സമയത്ത് വാഹനം ദുരിതാശ്വാസ പ്രവർത്തനത്തിലാണെന്ന് വ്യക്തമാക്കുന്ന ബോർഡുകളോ തിരിച്ചറിയൽ അടയാളങ്ങളോ ഉണ്ടായിരുന്നില്ലെന്നും, സാധുവായ പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം നിരത്തിലിറക്കിയത് നിയമലംഘനമാണെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വിശദീകരണമുണ്ട്.

അതേസമയം, പ്രളയം പോലുള്ള അത്യാഹിത സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളോട് കൂടുതൽ മാനുഷിക പരിഗണന പുലർത്തുന്നതിൽ വീഴ്ച സംഭവിച്ചുവെന്നാണ് ഗതാഗത വകുപ്പ് നടപടിക്ക് അടിസ്ഥാനമായ പ്രധാന വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img