
പത്തനംതിട്ട ലൈംഗിക പീഡനക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിന് പിന്നാലെ ഇന്ന് കൂടുതൽ അറസ്റ്റുണ്ടാകും എന്നാണ് സൂചന. അതേസമയം, പത്തനംതിട്ട ജനറൽ ആശുപത്രിയിൽവെച്ചും റാന്നിയിലെ റബ്ബർ തോട്ടത്തിൽവെച്ചും പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
2024 ജനുവരിയിലാണ് ജനറൽ ആശുപത്രിയിൽ വെച്ച് പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത്. റാന്നി മന്ദിരംപടിയിലെ റബ്ബർതോട്ടത്തിവെച്ചും കൂട്ടബലാത്സംഗത്തിനിരയായി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവാണ് കുട്ടിയെ റബ്ബർ തോട്ടത്തിലേക്ക് കൊണ്ടുപോയത്. ആറോളം പേരാണ് കുട്ടിയെ ഇവിടെവെച്ച് പീഡിപ്പിച്ചത്.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചാണ് പ്രതികളിൽ പലരും കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയത് . ഇവിടെനിന്ന് ചിലർ പെൺകുട്ടിയെ സ്വകാര്യ വാഹനങ്ങളിൽ കൂട്ടിക്കൊണ്ടുപോയി.പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചാണ് പ്രതികളിൽ പലരും പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചത്.
ഇതുവരെ 28 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. എഫ്ഐആറുകളുടെ എണ്ണം 29 ആയി. ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 കേസുകളും പത്തനംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. ജില്ലയിലെ കൂടുതൽ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികളിൽ ചിലർ വിദേശത്താണുളളത്. ഈ പ്രതികളെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും.











