
പത്തനംതിട്ടയിൽ മദ്യലഹരിയിൽ പോലീസ് ജീപ്പ് അപകടകരമായി ഓടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിലേൽപ്പിച്ചു. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം.
നിയന്ത്രണം വിട്ട് സഞ്ചരിച്ച ജീപ്പ് വനിതാ ഓട്ടോ ഡ്രൈവറെ ഇടിക്കാനൊരുങ്ങിയെങ്കിലും അവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടസാധ്യത മനസ്സിലാക്കിയ നാട്ടുകാർ ജീപ്പ് തടഞ്ഞുനിർത്തുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
നാട്ടുകാർ തടഞ്ഞതോടെ വാഹനത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ ജീപ്പിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ സ്ഥലത്തെത്തിയ പോലീസ് വാഹനം ഓടിച്ചിരുന്ന ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തു.
തുടർന്ന് ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.










