
പത്തനംതിട്ട: അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പതിനെട്ടുകാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തത് 58 പേർക്കെതിരെ. പെൺകുട്ടി പറഞ്ഞ പ്രതികളിൽ നാലുപേരെ സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതിപ്പട്ടികയിലുള്ള 43 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ മാത്രം ഈ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത് 15 പേരെയാണ്. ബാക്കിയുള്ള പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
അറസ്റ്റ് ചെയ്യാനുള്ള പ്രതികളിൽ ഒരാൾ വിദേശത്താണ്. ഇയാളെ അറസ്റ്റു ചെയ്യാൻ വേണ്ടിവന്നാൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ് പറഞ്ഞു. ബാക്കി അറസ്റ്റിലാകാനുള്ളവർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇന്നും കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.
പീഡനം നേരിട്ട പെൺകുട്ടിയെ ബാലാവകാശ കമ്മിഷൻ അംഗം എൻ. സുനന്ദ സന്ദർശിച്ചു. കുട്ടിക്ക് ആവശ്യമായ വൈദ്യസഹായം നൽകുന്നുണ്ട്. ആശ്വാസനിധിയിൽനിന്ന് സഹായധനം അനുവദിക്കാൻ ജില്ലാ ശിശുസംരക്ഷണ ഓഫീസർക്ക് കമ്മിഷൻ നിർദേശം നൽകി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതായും സുനന്ദ പറഞ്ഞു.










