
പത്തനംതിട്ട: വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഓൺലൈൻ സംവിധാനങ്ങൾ വഴി ചോർത്തി തട്ടിപ്പ് നടത്തിയ കേസിൽ ഗുജറാത്ത് സ്വദേശിനി അറസ്റ്റിൽ. അഹമ്മദാബാദ് സ്വദേശിനിയായ ഹിരാൽ ബെൻ അനൂജ് പട്ടേൽ (37) ആണ് പത്തനംതിട്ട സൈബർ പൊലീസിന്റെ പിടിയിലായത്. അഹമ്മദാബാദിൽ നിന്നാണ് യുവതിയെ പൊലീസ് പിടികൂടിയത്.
കേസിലെ ഒന്നാം പ്രതിയായ അടൂർ സ്വദേശി ഹാക്കർ ജോയൽ വി. ജോസിന്റെ അടുത്ത സുഹൃത്താണ് ഇവർ. ജോയലിനെ ഒക്ടോബർ 31-ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു ഹിരാലിനെ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികൾ ആളുകളുടെ മൊബൈൽ നമ്പറുകളുടെ ലൈവ് ലൊക്കേഷൻ, കോൾ ഡാറ്റ റെക്കോർഡുകൾ ഉൾപ്പെടെ രഹസ്യ വിവരങ്ങൾ ചോർത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഹൈദരാബാദിലെ ഒരു സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയുമായി ഇവർക്ക് ബന്ധമുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. സൈബർ പൊലീസ് പൊതുജനങ്ങളോട് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിഗത വിവരങ്ങൾ പങ്കിടുമ്പോൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.











