12:43pm 09 November 2026
NEWS
പാർട്ടി ഓഫീസിന് പത്താമുദയത്തിൽ പാലുകാച്ചി
ഇനി മാർക്സിസം ഇന്ത്യയിൽ പൂത്തുലഞ്ഞ് പുഷ്ടിപ്പെടും


23/04/2025  09:00 PM IST
nila
   പാർട്ടി ഓഫീസിന് പത്താമുദയത്തിൽ പാലുകാച്ചി  ഇനി മാർക്സിസം ഇന്ത്യയിൽ പൂത്തുലഞ്ഞ് പുഷ്ടിപ്പെടും
HIGHLIGHTS

കേരളത്തിലെ ഹിന്ദുക്കളുടെ വിശ്വാസമനുസരിച്ച് പത്താമുദയ ദിനത്തിൽ എന്തു ചെയ്താലും നൂറുമേനിയാണ്.

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിക്കായി പണികഴിപ്പിച്ച പുതിയ സൗധത്തിന്റെ ഉദ്ഘാടനം നടത്തിയത് പത്താമുദയ ദിനത്തിലാണെന്ന വിവാദം മുഖ്യമന്ത്രി പിണറായി വിജയനും ഏറ്റുപിടിച്ചതോടെ പത്താമുദയവും പാർട്ടി ഓഫീസും വീണ്ടും സജീവ ചർച്ചാവിഷയമായിരിക്കുകയാണ്. പത്താമുദയം കണ്ടിട്ടാണ് ഓഫീസ് ഉദ്ഘാടനമെന്ന് പറഞ്ഞ മാധ്യമങ്ങളുടെ ഗവേഷണ ബുദ്ധിക്ക് നമസ്‌കാരമെന്നായിരുന്നു പാർട്ടി ഓഫീസ് ഉ​​ദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പറഞ്ഞത്. അതൊന്നും ഏശുന്ന സംസ്ഥാനമല്ലല്ലോ ഇതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, സിപിഎമ്മിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന സ്ഥിരം പല്ലവിയും ആവർത്തിച്ചു. എന്നാൽ, എന്തുകൊണ്ട് ഈ ദിവസം തന്നെ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിനായി തെരഞ്ഞെടുത്തു എന്ന കാര്യത്തിൽ വിശ​​​ദീകരണം നൽകാൻ മുഖ്യമന്ത്രിയോ പാർട്ടി നേതൃത്വമോ തയ്യാറാകാത്തത് പ്രശ്നം തന്നെയാണ്.

കേരളത്തിലെ ഹിന്ദുക്കളുടെ വിശ്വാസമനുസരിച്ച് പത്താമുദയ ദിനത്തിൽ എന്തു ചെയ്താലും നൂറുമേനിയാണ്. അതുകൊണ്ട് തന്നെ പല കാർഷിക വിളകളും നടുന്നത് ഈ ദിവസമാണ്. പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് അഥവാ ​ഗൃഹപ്രവേശ കർമ്മത്തിനും ഈ ദിനം ശുഭകരമെന്നാണ് വിശ്വാസം. ഒരു രാഷ്ട്രീയ പാർട്ടിയും അത്തരം ഒരു വിശ്വാസം പിന്തുടർന്ന് പുതിയ പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിലും തെറ്റൊന്നുമില്ല. എന്നാൽ, ഇത്തരം വിശ്വാസങ്ങളെ പൂർണമായും നിരാകരിക്കുന്ന ഒരു പ്രസ്ഥാനം തീർച്ചയായും തങ്ങളുടെ പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യുമ്പോൾ ഈ ​ദിവസം ബോധപൂർവം ഒഴിവാക്കേണ്ടത് തന്നെയായിരുന്നു. 

തത്വം പറയുമ്പോൾ ശാസ്ത്രീയതയും പ്രവർത്തിയിൽ അന്ധവിശ്വാസവും എന്ന രീതി കഴിഞ്ഞ കുറേ കാലമായി സിപിഎം നേതാക്കളിൽ വ്യാപകമാണ്. ശാസ്ത്രീയ സോഷ്യലിസത്തിന്റെ പതാകാവാഹകരായി ജനങ്ങൾക്കിടയിൽ ശാസ്ത്രവും മാർക്സിസവും ഉൾപ്പെടെ പുരോ​ഗമന ചിന്താ​ഗതികൾ പ്രചരിപ്പിക്കേണ്ടവർ അമ്പലങ്ങളുടെയും പള്ളികളുടെയും ഭാരവാ​​ഹികളാകുകയും വിശ്വാസികളെക്കാൾ വലിയ വിശ്വാസികളായി നടിക്കുകയും ചെയ്യുകയാണ്. ആരാധനാലയങ്ങളിൽ മാത്രമല്ല, സാമുദായിക സംഘടനകളിലും ഇന്ന് സിപിഎം നേതാക്കൾ സജീവമാണ്. അമ്പലങ്ങളിലും കരയോ​ഗങ്ങളിലും സംഘപരിവാർ കടന്നുകയറ്റം തടയാനാണ് തങ്ങളുടെ പ്രവർത്തകർ ഭാരവാഹികളാകുന്നത് എന്നാണ് ഇതിന് ന്യായം പറയുന്നത്. ബൂർഷ്വായെ തോൽപ്പിക്കാൻ ബൂർഷ്വായുടെ തന്തയാകണം എന്ന സിനിമാ ഡയലോ​ഗിനെ അനുസ്മരിപ്പിക്കും വിധം സംഘപരിവാറിനെ തടയാൻ അതിലും വലിയ സംഘിയാകുക എന്ന അടവുനയമായി അതിനെ വ്യാഖ്യാനിക്കേണ്ടി വരും. പള്ളികളിൽ മുസ്ലീം മതമൗലിക വാദികളെ തടയാനാണ് തങ്ങൾ കയറുന്നതെന്നും ഇക്കൂട്ടർ ന്യായം പറയും. 

താഴെതട്ടിലെ പ്രവർത്തകരുടെ വ്യക്തിത്വവും ചോദ്യം ചെയ്യപ്പെടാൻ മാത്രമേ ഇത്തരം അടവുനയങ്ങൾ ഇടയാക്കൂ. എൻഎസ്എസ് കരയോ​ഗത്തിന്റെ ഭാരവാ​ഹിയായിരിക്കുന്നവർ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കൽ കമ്മിറ്റി അം​ഗങ്ങളുമായുണ്ട്. എൻഎസ്എസിന്റെ താലൂക്ക് യൂണിയൻ ഭാരവാ​​ഹികൾ പോലും ഇത്തരത്തിൽ സിപിഎമ്മിന്റെ ഭാരവാ​​ഹികളായുണ്ട്. എന്നാൽ, കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഒരു കാര്യത്തിലും സിപിഎമ്മും എൻഎസ്എസും യോജിപ്പിലല്ല. എന്നു മാത്രമല്ല. ശബരിമല യുവതി പ്രവേശന വിഷയത്തിൽ സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ വലിയ പ്രക്ഷോഭങ്ങൾ നയിച്ചത് എൻഎസ്എസായിരുന്നു. തികച്ചും വിരുദ്ധങ്ങളായ രണ്ട് ചേരിയിൽ നിൽക്കുന്ന രണ്ട് പ്രസ്ഥാനങ്ങളുടെ നേതൃതലത്തിൽ ഒരേയാൾ പ്രവർത്തിക്കുന്നു എന്നു പറഞ്ഞാൽ അതിനെ സാമാന്യ ബോധത്തിന് ന്യായീകരിക്കാൻ കഴിയുമോ? 

എൻഎസ്എസിൽ മാത്രമല്ല, മറ്റ് ജാതി-മത സംഘടനകളിലും ഇത്തരത്തിൽ സിപിഎം പ്രാദേശിക നേതാക്കൾ സ്ഥാനമാനങ്ങളോടെ പ്രവർത്തിക്കുന്നുണ്ട്.  താത്ക്കാലികമായി കുറച്ച് വോട്ട് നേടാൻ ഒരുപക്ഷേ സിപിഎമ്മിനെ ഇതൊക്കെ സഹായിച്ചേക്കും. എന്നാൽ, മതരാഷ്ട്ര വാദം ഉയർത്തുന്നവർ പറയുന്നതാണ് ശരിയെന്ന സന്ദേശം നൽകാനേ ഇത്തരം പ്രവർത്തനങ്ങൾ വഴിയൊരുക്കൂ. എകെജി സെന്റർ പുതുതായി പണികഴിപ്പിക്കുമ്പോൾ എകെജിയുടെ ജന്മദിനത്തിലോ ഓർമ്മ ദിനത്തിലോ അദ്ദേഹം വിവാ​ഹിതനായ ദിനത്തിലോ മാത്രമേ ഉദ്ഘാടനം ചെയ്യാൻ പാടുള്ളൂ എന്ന ശാഠ്യം ഇവിടെ ആർക്കുമില്ല. ഓണത്തിനോ ക്രിസ്തുമസിനോ റംസാനോ വിഷുവിനോ ഉദ്ഘാടനം നടത്തിയാലും വിവാദമില്ല. എന്നാൽ, ഏത് ശുഭകാര്യവും മുഹൂർത്തം നോക്കാതെ ചെയ്യാൻ കഴിയുന്ന ​​ദിനമെന്ന വിശ്വാസമുള്ള പത്താമുദയം തെരഞ്ഞെടുത്തതിൽ വിമർശനങ്ങൾ ഉയരുക തന്നെ ചെയ്യും. അതിന് വിശ്വാസ്യമായ മറുപടി പറയാൻ സിപിഎമ്മിന്റെ നേതാക്കൾക്ക് ബാധ്യതയുമുണ്ട്. അത് വിമർശനം ഉയർത്തുന്ന മാധ്യമങ്ങളോടോ ഇവിടുത്തെ ജനങ്ങളോടോ കളിയാക്കുന്ന പ്രതിപക്ഷ പാർട്ടികളോടോ ഉള്ള ബാധ്യതയല്ല. മറിച്ച്, സിപിഎം  ഉയർത്തിപ്പിടിക്കുന്ന പ്രത്യശാസ്ത്രത്തോടുള്ള ബാധ്യതയാണ്. 

പത്താമുദയം

മേടം പത്തിനാണു പത്താമുദയം എന്നു പറയുന്നത്. അന്ന് സൂര്യൻ അത്യുച്ച രാശിയിൽ വരുന്നു. സൂര്യൻ ഏറ്റവും ബലവാനായി വരുന്ന നാൾ ഇതാണ് എന്നാണ് വിശ്വാസം. ഏതു വിളവിനും വിത്തു വിതയ്ക്കാനും തൈ നടാനും  തിരഞ്ഞെടുക്കുന്നത് പത്താമുദയമാണ്. പത്താമുദയത്തിനു വിതയ്ക്കാനും തൈ നടാനും നല്ല ദിവസം നോക്കേണ്ടതില്ല എന്നാണ് നാട്ടിൽ നിലവിലുള്ള വിശ്വാസം. ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനം. നിത്യപൂജയില്ലാത്ത കാവുകളിൽ ഈ ദിവസം പൂജകൾ നടക്കും. വീടു പാലു കാച്ചാനും ഉത്തമ ദിനമാണ് ഇതെന്നാണ് വിശ്വാസം.

എകെജി സെന്റർ

സിപിഎമ്മിന്റെ നിലവിലെ ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്ററിന് എതിർവശത്ത്  വാങ്ങിയ 32 സെന്റിലാണ് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ്. ഈ ഒമ്പത് നില കെട്ടിടത്തിന്റെയും പേര് എകെജി സെന്റർ എന്നുതന്നെയാണ്. സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി അടക്കം മുതിർന്ന നേതാക്കൾ മന്ത്രിമാർ ഘടകക്ഷി നേതാക്കൾ എന്നിവരെല്ലാം ഉദ്ഘാടന ചടങിനെത്തിയിരുന്നു. പണി തീർത്ത് പുതിയ കെട്ടിടത്തിലേക്ക് പാർട്ടി ആസ്ഥാനത്തിന്റെ പ്രവർത്തനം പൂർണ്ണമായി മാറാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്. ഇതിനിടെയാണ് പത്താമുദയ ദിവസത്തിൽ തന്നെ പാർട്ടി ഓഫീസിന്റെ ഉ​​ദ്ഘാടനം നടന്നിരിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img