02:49pm 15 September 2026
NEWS
സൂക്ഷ്മാണുക്കളെ പ്രതിരോധിക്കുന്ന സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്.
15/09/2026  01:09 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സൂക്ഷ്മാണുക്കളെ പ്രതിരോധിക്കുന്ന  സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ്

 

കൊച്ചി: സൂക്ഷ്മജീവികൾ ഉൽപ്പാദിപ്പിക്കുന്ന സ്വാഭാവിക പിഗ്മെന്റ് ഉപയോഗിച്ച് സിങ്ക് ഓക്സൈഡ് സൂക്ഷ്മകണങ്ങളുടെ ആന്റിമൈക്രോബിയൽ ഗുണം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ച്  കൊച്ചിയിലെ ഐ.സി.എ.ആർ.-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി(ഐ.സി.എ.ആർ.-സിഫ്റ്റ്). ഈ സാങ്കേതികവിദ്യയ്ക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു.

"പ്രോസസ്സ്  ഫോർ  പ്രിപ്പറേഷൻ ഓഫ്  പിഗ്മെന്റ് -ടോപ്ഡ്  സിങ്ക്  ഓക്‌സൈഡ്  പാർട്ടിക്കിൾസ് " എന്ന സാങ്കേതികവിദ്യക്കാണ് പേറ്റന്റ് ലഭിച്ചത്. ക്രോമോബാക്ടീരിയം വയലേസിയം (Chromobacterium violaceum) എന്ന് പേരുള്ള ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന വയലറ്റ് നിറത്തിലുള്ള പിഗ്മെന്റായ വയലസീൻ ഉപയോഗിച്ചാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചത്.  വയലസീന് സൂക്ഷ്മജീവികളെ പ്രതിരോധിക്കുന്ന ഗുണങ്ങളുണ്ട്. 

പരീക്ഷണങ്ങളിൽ, വയലസീൻ പൂശിയ സിങ്ക് ഓക്സൈഡ് സൂക്ഷ്മ കണങ്ങൾക്ക് സാധാരണ സിങ്ക് ഓക്സൈഡ് സൂക്ഷ്മ കണങ്ങളെക്കാൾ മികച്ച ആന്റിമൈക്രോബിയൽ പ്രവർത്തനം കാണാനായി. പാർശ്വഫലങ്ങളുടെ അളവും കുറവായിരുന്നു. പരീക്ഷണ  സാഹചര്യങ്ങളിൽ ഏകദേശം 3–4 മടങ്ങ് കൂടുതൽ ആന്റിമൈക്രോബിയൽ പ്രതിരോധ ശേഷി രേഖപ്പെടുത്തി.

രോഗാണുക്കളെ നിയന്ത്രിക്കുന്ന മരുന്നുകൾ, വൈദ്യശാസ്ത്ര രംഗത്തെ വിവിധ ഉൽപ്പന്നങ്ങൾ, ഭക്ഷ്യസംരക്ഷണം തുടങ്ങിയ മേഖലകളിൽ ഈ സാങ്കേതികവിദ്യയ്ക്ക്  വളരെയധികം സാധ്യതയുണ്ട്. 

ഡോ. വിഷ്ണുവിനായഗം ശിവം, ടീന ജോർജ്, ഡോ. മുരുകദാസ് വൈയാപുരി, ഡോ. ടോംസ് ചെറിയാത്ത് ജോസഫ്, ഡോ. രംഗസാമി അനന്ദൻ, ഡോ. ഗോപാലൻ കൃഷ്ണൻ ശിവരാമൻ, ഡോ. തങ്കരാജ് രാജ സ്വാമിനാഥൻ, ഡോ. ജോർജ് നൈനാൻ എന്നിവരാണ് സാങ്കേതികവിദ്യയുടെ പിന്നിൽ പ്രവർത്തിച്ച ഗവേഷകർ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.