
ദോഹ: ഖത്തറിലെ പ്രവാസി താമസക്കാർക്ക് പാസ്‌പോർട്ട് പുതുക്കുമ്പോൾ ഐഡി കാർഡിലെ വിവരങ്ങൾ മെട്രാഷ് (Metrash2) ആപ്ലിക്കേഷൻ വഴി ലളിതമായി അപ്‌ഡേറ്റ് ചെയ്യാനുള്ള ഡിജിറ്റൽ സംവിധാനം വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയം. ഇതിനായി സേവന കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക 'എക്സ്' (ട്വിറ്റർ) ഹാൻഡിലിലൂടെ പുറത്തുവിട്ട ബോധവൽക്കരണ വീഡിയോയിലാണ് ഈ സേവനം ഉപയോഗപ്പെടുത്താനുള്ള അഞ്ച് ഘട്ടങ്ങൾ വ്യക്തമാക്കിയത്.മെത്രാഷ് ആപ്ലിക്കേഷന്റെ ഹോം പേജിൽ നിന്നും ആദ്യം 'Accommodations' (താമസം) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് 'Change Data' ക്ലിക്ക് ചെയ്ത്, അതിൽ നിന്നും 'Passport Change' എന്ന സർവീസാണ് സെലക്ട് ചെയ്യേണ്ടത്. അടുത്ത ഘട്ടമായി, അപേക്ഷകന്റെ പേഴ്‌സണൽ നമ്പറോ (ഖത്തർ ഐഡി) അല്ലെങ്കിൽ സ്പോൺസർഷിപ്പിലുള്ള ആളുടെ നമ്പറോ അവിടെ രേഖപ്പെടുത്തണം. അതിനുശേഷം പുതുക്കിയ പാസ്‌പോർട്ടിന്റെ ആദ്യ പേജിന്റെ ചിത്രവും വ്യക്തതയുള്ള ഒരു പേഴ്‌സണൽ ഫോട്ടോയും ആപ്പിൽ അപ്‌ലോഡ് ചെയ്യുക. അവസാനമായി, രേഖപ്പെടുത്തിയ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം അനുയോജ്യമായ പേയ്‌മെന്റ് രീതി തിരഞ്ഞെടുത്ത് 'Pay' ക്ലിക്ക് ചെയ്യുന്നതോടെ അപേക്ഷാ നടപടികൾ വിജയകരമായി പൂർത്തിയാകും.അപേക്ഷ അംഗീകരിച്ച് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത പുതിയ ഖത്തർ ഐഡി കാർഡ് (QID) 'ഖത്തർ പോസ്റ്റ്' വഴി അപേക്ഷകന്റെ വിലാസത്തിൽ എത്തിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രവാസികൾക്ക് ഏറെ സമയലാഭവും സുതാര്യതയും നൽകുന്നതാണ് മന്ത്രാലയത്തിന്റെ ഈ ഓൺലൈൻ സേവനം.










