10:22am 11 November 2026
NEWS
ടിക്കറ്റ് കാണിച്ചിട്ടും യാത്രക്കാരനെ ഇറക്കിവിട്ടു; ടിടിഇയ്ക്ക് സസ്പെൻഷൻ; നടപടി വിഡിയോ വൈറലായതോടെ
11/11/2026  09:58 AM IST
nila
ടിക്കറ്റ് കാണിച്ചിട്ടും യാത്രക്കാരനെ ഇറക്കിവിട്ടു; ടിടിഇയ്ക്ക് സസ്പെൻഷൻ; നടപടി വിഡിയോ വൈറലായതോടെ

 

യാത്രക്കാരനോട് അപമര്യാദയായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്ത ടിടിഇയ്ക്ക് റെയിൽവേയുടെ നടപടി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ ടിടിഇയെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ഝാൻസി വീരാംഗന ലക്ഷ്മിബായ് റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കാരനെ അപമാനിച്ച സംഭവം.

ലക്നൗ സ്വദേശിയായ ശ്രാവൺ കുമാർ യാത്രയ്ക്കിടെ നേരിട്ട ദുരനുഭവമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. നവംബർ എട്ടിന് കെഎസ്ആർ ബെംഗളൂരു–ന്യൂഡൽഹി കർണാടക എക്സ്പ്രസിലായിരുന്നു സംഭവം. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ശ്രാവൺ ആന്ധ്രാപ്രദേശിലെ പെനുകോണ്ടയിൽനിന്ന് ട്രെയിനിൽ കയറിയത്. നവംബർ ആറിന് റെയിൽവേ സ്റ്റേഷനിൽനിന്ന് നേരിട്ട് വാങ്ങിയ സ്ലീപ്പർ ടിക്കറ്റുകളായിരുന്നു മൂവരുടെയും കൈവശമുണ്ടായിരുന്നത്. ടിക്കറ്റുകൾ ആർഎസിയിലായിരുന്നതിനാൽ എസ്-2 കോച്ചിൽ 39, 47 സീറ്റുകളാണ് ഇവർക്ക് അനുവദിച്ചിരുന്നത്.

ട്രെയിൻ ഝാൻസിയിലെത്തിയതോടെ ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടു. ടിക്കറ്റ് ബാഗിനുള്ളിലാണെന്നും എടുത്തുനൽകാൻ അൽപം സമയം അനുവദിക്കണമെന്നും ശ്രാവൺ പറഞ്ഞു. എന്നാൽ ഇതോടെ ക്ഷുഭിതനായ ടിടിഇ യാത്രക്കാരനോട് തട്ടിക്കയറുകയായിരുന്നു. ടിക്കറ്റ് എടുക്കാൻ സമയം നൽകാതെ വാക്കേറ്റം തുടർന്നതായും ശ്രാവൺ പറയുന്നു.

പിന്നീട് ബാഗിൽനിന്ന് ടിക്കറ്റ് എടുത്തുനൽകിയെങ്കിലും ടിടിഇയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായില്ല. യാത്രക്കാരനെ അക്ഷരാഭ്യാസമില്ലാത്തവനെന്നും വിവരംകെട്ടവനെന്നും വിളിച്ച് അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും വിഡിയോയിൽ കാണാം. ലക്നൗവിലേക്കായിരുന്നു ശ്രാവണിന്റെ യാത്ര. എന്നാൽ യാത്ര തുടരാൻ അനുവദിക്കാതെ ഝാൻസിയിൽ ഇറക്കിവിട്ടു. ഝാൻസി മുതൽ ലക്നൗ വരെയുള്ള യാത്രയ്ക്ക് ഓൺലൈൻ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചിട്ടും ടിടിഇ വഴങ്ങിയില്ലെന്നാണ് പരാതി.

തനിക്കെന്താണ് ചെയ്യാൻ കഴിയുന്നതെന്ന് കാണിച്ചുതരാമെന്ന് പറഞ്ഞ് ടിടിഇ ഭീഷണിപ്പെടുത്തിയതായും ശ്രാവൺ ആരോപിച്ചു. തുടർന്നാണ് സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് റെയിൽവേ അധികൃതരോട് നടപടി ആവശ്യപ്പെട്ടത്.

വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ റെയിൽവേ വിഷയത്തിൽ ഇടപെട്ടു. ടിടിഇയെ അടിയന്തരമായി സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ച റെയിൽവേ ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി. യാത്രക്കാരോട് മോശമായി പെരുമാറുന്ന ജീവനക്കാരുടെ നടപടികൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും ഇത്തരം സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img