
പാകിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 450 യാത്രക്കാരെ ബന്ദികളാക്കി ബലൂച് ലിബറേഷൻ ആർമി. പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് സംഭവം. ക്വറ്റയിൽനിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസാണ് ബലൂച് ലിബറേഷൻ ആർമി തട്ടിയെടുത്തത്. പാകിസ്ഥാനിൽ നിന്നും ബലൂചിസ്ഥാനെ സ്വതന്ത്രരാജ്യമാക്കാൻ പോരാടുന്ന സായുധ സംഘമാണ് ബലൂച് ലിബറേഷൻ ആർമി.
ട്രെയിന് നേരേ വെടിവെയ്പ്പുണ്ടായെന്നും ആറ് പാക് സൈനികർ കൊല്ലപ്പെട്ടു എന്നുമാണ് പുറത്തുവരുന്ന വിവരം. ബന്ദികളെ മോചിപ്പിക്കാൻ പാകിസ്ഥാൻ സൈനിക നടപടികൾ ആരംഭിച്ചാൽ ബന്ദികളെ കൊല്ലുമെന്നും സായുധസംഘം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനും അടിയന്തര സേവനങ്ങൾ എത്തിക്കാനുമുള്ള ശ്രമത്തിലാണ് ബലൂച് ഭരണകൂടം.
ഒരു തുരങ്കത്തിനടുത്തു വച്ചാണ് ബലൂച് ലിബറേഷൻ ആർമി ട്രെയിൻ തടഞ്ഞത്. പർവതങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് ട്രെയിൻ കുടുങ്ങിക്കിടക്കുകയാണ്. ട്രെയിൻ തടഞ്ഞിട്ടിരിക്കുന്ന പ്രദേശം സങ്കീർണമായ ഭൂപ്രദേശമായതിനാൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളികൾ ഏറെയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.











