
ഓടിക്കൊണ്ടിരുന്ന എസി ട്രെയിനിനുള്ളിൽ നിലവിളക്ക് കത്തിച്ചും ചന്ദനത്തിരി തെളിച്ചും പൂജ നടത്തിയ യാത്രക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ട്രെയിനിന്റെ മുകളിലെ സൈഡ് ബർത്തിൽ ഇരുന്നാണ് ഇയാൾ പൂജ നടത്തിയത്. മതാചാരത്തിന്റെ പേരിൽ ട്രെയിനിനുള്ളിൽ തീ ഉപയോഗിച്ചത് മറ്റ് യാത്രക്കാരുടെ സുരക്ഷയെ അപകടത്തിലാക്കുന്നതാണെന്ന വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
'ഝാർഖണ്ഡ് റെയിൽ യൂസേഴ്‌സ്' എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ സംഭവം ഏത് ട്രെയിനിലാണെന്നോ എപ്പോഴാണ് നടന്നതെന്നോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിഷയത്തിൽ ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക പ്രതികരണവും ഇതുവരെ പുറത്തുവന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
വീഡിയോയിൽ ബനിയൻ ധരിച്ച ഒരാൾ മുകളിലെ ബർത്തിൽ കാലുമടക്കി ഇരുന്ന് മുന്നിൽ നിലവിളക്കും ചന്ദനത്തിരിയും വെച്ച് പൂജ ചെയ്യുന്നതാണ് കാണുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട സഹയാത്രികൻ, ട്രെയിനിൽ തീ കത്തിക്കുന്നത് അപകടകരമാണെന്നും ചന്ദനത്തിരിയുടെ പുക ഫയർ അലാറം പ്രവർത്തിപ്പിക്കാനിടയുണ്ടെന്നും പലതവണ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, യാത്രക്കാരൻ അത് അവഗണിച്ച് പൂജ തുടരുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ബന്ധപ്പെട്ട യാത്രക്കാരനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. തീപിടിത്തത്തിന് കാരണമാകാവുന്ന വസ്തുക്കളുമായി യാത്ര ചെയ്യുന്നത് വിലക്കിയിട്ടുള്ള സാഹചര്യത്തിൽ, ട്രെയിനിനുള്ളിൽ തുറന്ന തീ ഉപയോഗിച്ച സംഭവത്തിൽ എന്തുകൊണ്ട് നടപടി ഉണ്ടായില്ലെന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
മതവിശ്വാസങ്ങൾക്ക് എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും പൊതുഗതാഗത സംവിധാനങ്ങളിൽ മറ്റ് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നാണ് ഭൂരിഭാഗം പ്രതികരണങ്ങളും. ഇത്തരത്തിലുള്ള സുരക്ഷാ ലംഘനങ്ങൾക്കെതിരെ റെയിൽവേ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.











