09:59am 12 August 2026
NEWS
സംസ്ഥാനത്ത് ‘പശുഔഷധി’ കേന്ദ്രങ്ങൾ തുടങ്ങുന്നു; ഇനി കുറഞ്ഞവിലയിൽ മൃഗചികിത്സാ മരുന്നുകൾ
12/08/2026  08:39 AM IST
nila
സംസ്ഥാനത്ത് ‘പശുഔഷധി’ കേന്ദ്രങ്ങൾ തുടങ്ങുന്നു; ഇനി കുറഞ്ഞവിലയിൽ മൃഗചികിത്സാ മരുന്നുകൾ

മലപ്പുറം: കർഷകർക്ക് കുറഞ്ഞവിലയിൽ മൃഗചികിത്സാ മരുന്നുകൾ ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ‘പശുഔഷധി’ പദ്ധതി കേരളത്തിലും നടപ്പാക്കുന്നു. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. ജൻഔഷധി കേന്ദ്രങ്ങളുടെ മാതൃകയിൽ ‘പശുഔഷധി വിക്രയ് കേന്ദ്രങ്ങൾ’ സ്ഥാപിക്കാനാണ് തീരുമാനം. കേന്ദ്രങ്ങൾ തുടങ്ങുന്നതിനുള്ള അപേക്ഷകൾ നിലവിൽ സ്വീകരിച്ചുവരികയാണ്.

ലൈവ്സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഏകദേശം 134 ജനറിക് മൃഗചികിത്സാ മരുന്നുകൾ ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കും. ആധുനിക ചികിത്സാ മരുന്നുകൾക്ക് പുറമെ ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത മരുന്നുകളും ഗുണമേന്മയുള്ള കാലിത്തീറ്റകളും കേന്ദ്രങ്ങളിൽ ലഭ്യമാകും.

മൃഗചികിത്സാ മരുന്നുകളുടെ ലഭ്യതക്കുറവും ഉയർന്ന വിലയും കർഷകർക്ക് വലിയ സാമ്പത്തികബാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് 2025 മാർച്ചിൽ കേന്ദ്രസർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ കന്നുകാലികളുടെ എണ്ണം കൂടുതലുള്ള ഗ്രാമീണ, മലയോര മേഖലകൾക്കാണ് മുൻഗണന നൽകുക.

ആർക്കൊക്കെ കേന്ദ്രം തുടങ്ങാം?

‘പ്രധാനമന്ത്രി കിസാൻസമൃദ്ധി’ കേന്ദ്രങ്ങൾക്കും സഹകരണസംഘങ്ങൾക്കും പശുഔഷധി കേന്ദ്രങ്ങൾ നടത്താം. സംസ്ഥാന ഡ്രഗ് കൺട്രോൾ അതോറിറ്റിയുടെ ലൈസൻസ് നിർബന്ധമാണ്. സ്വന്തമായോ വാടകയ്ക്കോ കുറഞ്ഞത് 120 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടവും അംഗീകൃത ഫാർമസിസ്റ്റിന്റെ സേവനവും ഉണ്ടായിരിക്കണം.

പൊതുവിഭാഗത്തിന് അപേക്ഷാഫീസ് 5,000 രൂപയാണ്. കേന്ദ്രം വഴി വിൽക്കുന്ന മരുന്നുകളുടെ വിൽപ്പനവിലയിൽ 20 ശതമാനം ലാഭവിഹിതവും നടത്തിപ്പുകാർക്ക് ലഭിക്കും. കർഷകർക്ക് കുറഞ്ഞ ചെലവിൽ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതിനൊപ്പം ഗ്രാമീണ മേഖലകളിൽ മൃഗചികിത്സാ സൗകര്യം കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img