
തിരുവനന്തപുരം: വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജി കസ്റ്റഡിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെയാണ് വിദേശത്തുനിന്ന് എത്തിയ പാർവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അർമേനിയയിലും പോളണ്ടിലും ജോലി ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. ജോലി വാഗ്ദാനം ചെയ്ത് ഏകദേശം പത്ത് ലക്ഷം രൂപ തട്ടിയെടുത്തതായി ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും പാർവതി മായ ഷാജിയാണ് ഒന്നാം പ്രതി.
വിദേശത്ത് ജോലി ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് പണം വാങ്ങിയെന്ന പരാതികളാണ് സ്ഥാപനത്തിനെതിരെ ഉയർന്നിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്.
കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംസ്റ്റർ ഓവർസീസിന് കൊച്ചി, കട്ടപ്പന, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ശാഖകളുണ്ട്. ബെംഗളൂരു, ഒമാൻ, ദുബായ്, അബുദാബി, ബഹ്റൈൻ, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാപനത്തിന് ശാഖകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
വിദേശ രാജ്യങ്ങളിലെ തൊഴിൽ അവസരങ്ങൾ, സ്ഥിരതാമസത്തിനുള്ള സേവനങ്ങൾ, ഉപരിപഠനത്തിനുള്ള അവസരങ്ങൾ എന്നിവയാണ് ആംസ്റ്റർ ഓവർസീസ് പ്രധാനമായും വാഗ്ദാനം ചെയ്തിരുന്നത്. പരാതികളുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളും ഇടപാടുകളും പൊലീസ് പരിശോധിച്ചുവരികയാണ്.










