
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ നാലുവർഷത്തിനിടെ പാർട്ടി മാറ്റം നടത്തിയ സാമാജികരുടെ എണ്ണം 111. 2022 മുതൽ 2026 ജൂലൈ 12 വരെയുള്ള കണക്കുകളാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ.) പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. ഇതിൽ 26 പേർ ലോക്‌സഭാംഗങ്ങളും ഏഴുപേർ രാജ്യസഭാംഗങ്ങളുമാണ്. വിവിധ സംസ്ഥാന നിയമസഭകളിലെ 78 എം.എൽ.എമാരും പാർട്ടി മാറിയവരുടെ പട്ടികയിലുണ്ട്. കേരളത്തിൽനിന്ന് ഒരാൾപോലും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ ചേർന്നവർ മാത്രമല്ല, പാർട്ടി ലയനത്തിന്റെ ഭാഗമായി മാറിയവർ, എം.എൽ.എ./എം.പി. സ്ഥാനം രാജിവെച്ച് മറ്റൊരു പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചവർ, കൂറുമാറ്റത്തെ തുടർന്ന് അയോഗ്യരായ ശേഷം ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും അതേ സീറ്റിൽ വിജയിച്ചവർ എന്നിവരെയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എൻ.ഡി.പി.പി.യിൽ നിന്ന് 25 എം.എൽ.എമാർ
കണക്കുകളിൽ ഏറ്റവും കൂടുതൽ പാർട്ടി മാറ്റം രേഖപ്പെടുത്തിയിരിക്കുന്നത് നാഗാലാൻഡിലെ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻ.ഡി.പി.പി.) അംഗങ്ങളിലാണ്. 2025 ഒക്ടോബറിൽ എൻ.പി.എഫ്.യിൽ ലയിച്ച എൻ.ഡി.പി.പി.യിലെ 25 എം.എൽ.എമാരാണ് പട്ടികയിൽ ഉൾപ്പെട്ടത്.
ഇതിന് പുറമെ നാഗാലാൻഡിലെ എൻ.സി.പി.യിലെ ഏഴ് എം.എൽ.എമാരും എൻ.പി.എഫിൽ എത്തിയതോടെ പാർട്ടി മാറിയ സാമാജികരുടെ എണ്ണത്തിൽ എൻ.പി.എഫ്. 32 പേരുമായി മുന്നിലെത്തി.
തൃണമൂലിൽ നിന്ന് 20 ലോക്‌സഭാംഗങ്ങൾ
പാർട്ടി മാറ്റങ്ങളുടെ എണ്ണത്തിൽ തൃണമൂൽ കോൺഗ്രസും ശ്രദ്ധേയമാണ്. പാർട്ടിയുടെ 20 ലോക്‌സഭാംഗങ്ങൾ 2026 ജൂൺ 14ന് തൃണമൂൽ വിട്ട് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്നതായി എ.ഡി.ആർ. റിപ്പോർട്ട് വ്യക്തമാക്കുന്നു.
കോൺഗ്രസിൽനിന്ന് 19 എം.എൽ.എമാരും കഴിഞ്ഞ നാലുവർഷത്തിനിടെ പാർട്ടി വിട്ടു. ഗോവയിൽ എട്ട്, ഗുജറാത്തിൽ നാല്, മേഘാലയയിൽ നാല്, ഹിമാചൽ പ്രദേശിൽ രണ്ട്, മധ്യപ്രദേശിൽ ഒരാൾ എന്നിങ്ങനെയാണ് സംസ്ഥാന തിരിച്ചുള്ള കണക്ക്.
മേഘാലയയിൽ നിന്നുള്ള നാല് എം.എൽ.എമാർ നാഷണൽ പീപ്പിൾസ് പാർട്ടിയിൽ ചേർന്നപ്പോൾ ബാക്കിയുള്ളവർ ബി.ജെ.പിയിലാണ് എത്തിയത്.
അതേസമയം, ഭാരത് രാഷ്ട്ര സമിതിയുടെ ഒൻപത് എം.എൽ.എമാർ കോൺഗ്രസിൽ ചേർന്നതായും റിപ്പോർട്ടിലുണ്ട്. ആം ആദ്മി പാർട്ടിയുടെ ഏഴ് രാജ്യസഭാംഗങ്ങൾ ബി.ജെ.പിയിലേക്കും മാറി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും പാർലമെന്റിലും കഴിഞ്ഞ നാലുവർഷത്തിനിടെ നടന്ന രാഷ്ട്രീയ കൂറുമാറ്റങ്ങളുടെ വ്യാപ്തിയാണ് 111 സാമാജികരുടെ കണക്കിലൂടെ പുറത്തുവരുന്നത്. കേരളത്തിൽനിന്ന് ഒരാളും ഈ പട്ടികയിൽ ഇല്ലെന്നതും ശ്രദ്ധേയമാണ്.










