
കോഴിക്കോട്: എട്ടുമാസം ഗർഭിണിയായ യുവതിയെ പങ്കാളി ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു. കോഴിക്കോട് കോടഞ്ചേരിയിലാണ് യുവാവ് തന്റെ പങ്കാളിയായ യുവതിയോട് കൊടും ക്രൂരത കാട്ടിയത്. യുവതിയുടെ കൈക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്. കോടഞ്ചേരി ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പെരുവല്ലി സ്വദേശി ഷാഹിദ് റഹ്‌മാൻ എന്നയാളാണ് തന്റെ പങ്കാളിയായ യുവതിയെ ക്രൂരമായി ആക്രമിച്ചത്. ഇയാൾ മയക്കുമരുന്നിന് അടിമയെന്നാണ് വിവരം. മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കിയതിന് ഇന്നലെ ഷാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ വിട്ടയച്ചു. ഇതിന് ശേഷമാണ് ഷാഹിദ് വീട്ടിലെത്തി യുവതിയെ ആക്രമിച്ചത്.
ഒരു വർഷമായി ഷാഹിദ് റഹ്‌മാനും യുവതിയും ഒരുമിച്ചായിരുന്നു താമസം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷാഹിദ് തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതായി പെൺകുട്ടി പറഞ്ഞിട്ടുണ്ട്. വീട്ടിൽ സ്വന്തം മാതാവിന് പോലും ഇയാളെ പേടിയാണെന്നും യുവതി പറയുന്നു. ഗർഭിണിയെ ആക്രമിച്ച സംഭവത്തിൽ നിലവിൽ പൊലീസ് നടപടികളൊന്നും എടുത്തിട്ടില്ല.











