
ദോഹ: ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കാനും ആഗോള സുരക്ഷ ഉറപ്പാക്കാനും പാർലമെൻ്ററി നയതന്ത്രത്തിന് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ഖത്തർ ശൂറാ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ ഡോ. ഹംദ ബിൻത് ഹസ്സൻ അൽ സുലൈത്തി പ്രസ്താവിച്ചു. ഇൻ്റർ പാർലമെൻ്ററി യൂണിയൻ (IPU) എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അസാധാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.ജനങ്ങളുടെ പ്രതിനിധികളെന്ന നിലയിൽ സമാധാനപരമായ ചർച്ചകൾക്കും പരിഹാരങ്ങൾക്കും മുൻകൈ എടുക്കാൻ പാർലമെൻ്റംഗങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് അവർ ഓർമ്മിപ്പിച്ചു. അറബ് ജിയോപൊളിറ്റിക്കൽ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് കമ്മിറ്റിയുടെ വൈസ് പ്രസിഡൻ്റ് കൂടിയാണ് ഡോ. അൽ സുലൈത്തി.
ഫെബ്രുവരി 28 മുതൽ ഖത്തറിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെ നടന്നുവരുന്ന ആക്രമണങ്ങളെ അവർ ശക്തമായി അപലപിച്ചു. കേവലം പ്രസ്താവനകളിൽ ഒതുങ്ങാതെ പ്രായോഗികമായ നടപടികൾ ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു.ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിൻ്റെയും നഗ്നമായ ലംഘനമാണെന്നും ഇത് സാധാരണക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവർ ചൂണ്ടിക്കാട്ടി.പ്രതിസന്ധികളിലും ഖത്തറിന് പിന്തുണ പ്രഖ്യാപിച്ച വിവിധ രാജ്യങ്ങളിലെ പാർലമെൻ്റുകൾക്കും സംഘടനകൾക്കും അവർ നന്ദി അറിയിച്ചു. എത്ര വലിയ വെല്ലുവിളികൾക്കിടയിലും നയതന്ത്ര ശ്രമങ്ങളിലൂടെയും മധ്യസ്ഥതയിലൂടെയും പ്രശ്നപരിഹാരം കാണുന്നതിൽ ഖത്തർ ഉറച്ചുനിൽക്കുമെന്ന് അവർ വ്യക്തമാക്കി.
അടുത്ത ഏപ്രിലിൽ ഇസ്താംബൂളിൽ നടക്കാനിരിക്കുന്ന 152-ാമത് ഐപിയു അസംബ്ലിയുടെ ഒരുക്കങ്ങളും യോഗം വിലയിരുത്തി. മധ്യപൂർവ്വ മേഖലയിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും യോഗത്തിൽ ഗൗരവമായ ചർച്ചകൾ നടന്നു.











