
പാർലമെന്റ് മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ലക്ഷ്യമിട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പങ്കെടുപ്പിച്ച് ഈ മാസം 22 ന് ചെന്നൈയിൽ വൻ സമ്മേളനം നടത്താനാണ് സ്റ്റാലിൻ ലക്ഷ്യമിടുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനേയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
തമിഴ്‌നാട് ഐടി മന്ത്രി നേരിട്ടെത്തിയാണ് സമ്മേളനത്തിലേക്ക് ക്ഷണിച്ചുള്ള സ്റ്റാലിന്റെ കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. സമ്മേളനത്തിന് പൂർണ പിന്തുണ അറിയിച്ചെങ്കിലും സമ്മേളനത്തിൽ പിണറായി വിജയൻ പങ്കെടുത്തേക്കില്ല. മുതിർന്ന മന്ത്രിയെ സമ്മേളനത്തിന് അയയ്ക്കുമെന്നാണ് സൂചന.
കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, ബംഗാൾ, ഒഡീഷ, പഞ്ചാബ് മുഖ്യമന്ത്രിമാർക്കാണ് സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിൻ കത്തു നൽകിയത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കോൺഗ്രസ് ഹൈക്കമാൻഡിന്റെ അനുമതി നേടിയ ശേഷം യോഗത്തിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബിആർഎസ് നേതാവ് കെ.ടി.രാമറാവുവും സമ്മേളനത്തിനെത്തും.
ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങൾക്കു പ്രാതിനിധ്യം കുറയുന്ന തരത്തിലാണ് ലോക്‌സഭാ മണ്ഡല പുനർനിർണയ നീക്കമെന്നാണ് ആരോപണം.











