10:29pm 30 July 2026
NEWS
ചോദ്യക്കടലാസ് ചോർച്ചയ്ക്ക് കടുത്ത ശിക്ഷ; പരീക്ഷാ നിയമഭേദഗതി ബിൽ ലോക്സഭയിൽ പാസായി
29/07/2026  05:24 PM IST
nila
ചോദ്യക്കടലാസ് ചോർച്ചയ്ക്ക് കടുത്ത ശിക്ഷ; പരീക്ഷാ നിയമഭേദഗതി ബിൽ ലോക്സഭയിൽ പാസായി

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളും ചോദ്യക്കടലാസ് ചോർച്ചയും തടയാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന പരീക്ഷാ നിയമഭേദഗതി ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. ചോദ്യക്കടലാസ് ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ തട്ടിപ്പുകൾക്ക് കൂടുതൽ കർശനമായ ശിക്ഷ ഉറപ്പാക്കുന്നതാണ് പുതിയ ഭേദഗതി. ലോക്സഭയുടെ അംഗീകാരം നേടിയ ബിൽ ഇനി രാജ്യസഭയിൽ അവതരിപ്പിക്കും.

കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ബില്ലിനെച്ചൊല്ലിയുള്ള ചർച്ചയ്ക്കിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ശക്തമായ വാക്പോര് അരങ്ങേറി. ബില്ലിന് പിന്തുണ അറിയിച്ച പ്രതിപക്ഷം, വിദ്യാർഥി സമരങ്ങളെ നേരിടുന്നതിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളെ രൂക്ഷമായി വിമർശിച്ചു.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിക്കുകയും, അദ്ദേഹം സഭയിലെത്തി മറുപടി നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ സഭയിൽ ബഹളം രൂക്ഷമായതിനെ തുടർന്ന് ലോക്സഭ പലതവണ നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായി.

ഉച്ചയ്ക്കുശേഷം സഭ വീണ്ടും ചേർന്നപ്പോൾ പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടയിലും ബില്ലിലെ ഭേദഗതികൾ വോട്ടിനിട്ട് ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. ബില്ലിനെക്കുറിച്ച് സംസാരിക്കാൻ മതിയായ അവസരം നൽകിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img