02:07pm 08 September 2026
NEWS
സന്ന്യാസിമാർ വരുമ്പോൾ കണ്ണിൽപെടാതിരിക്കാൻ വനിതാ ജീവനക്കാരെ മാറ്റി; പ്രതിഷേധത്തിന് പിന്നാലെ ഈഫൽ ടവർ അടച്ചു
08/09/2026  09:38 AM IST
nila
സന്ന്യാസിമാർ വരുമ്പോൾ കണ്ണിൽപെടാതിരിക്കാൻ വനിതാ ജീവനക്കാരെ മാറ്റി; പ്രതിഷേധത്തിന് പിന്നാലെ ഈഫൽ ടവർ അടച്ചു

പാരിസ്: പാരിസിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഈഫൽ ടവർ താൽക്കാലികമായി അടച്ചു. വനിതാ ജീവനക്കാരെ ജോലിയിൽനിന്ന് മാറ്റിനിർത്തിയതിനെതിരെ ജീവനക്കാർ നടത്തിയ പ്രതിഷേധവും പണിമുടക്കുമാണ് ടവർ അടയ്ക്കാൻ കാരണമായത്. ശനിയാഴ്ച ബിഎപിഎസ് (ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ഥ) സംഘടനയുമായി ബന്ധപ്പെട്ട നൂറോളം പേരാണ് ഈഫൽ ടവർ സന്ദർശിക്കാനെത്തിയത്. സംഘത്തിലെ അംഗങ്ങൾ വനിതാ ജീവനക്കാർ തങ്ങളുടെ കാഴ്ചയിൽപ്പെടാത്ത രീതിയിൽ സന്ദർശനം ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി സംഘം കടന്നുപോകുന്ന ഭാഗങ്ങളിലെ വനിതാ ജീവനക്കാരെ മാറ്റി പുരുഷ ജീവനക്കാരെ നിയോഗിച്ചു. പാരിസിൽ പുതിയ ഹൈന്ദവ ക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രതിനിധി സംഘം ഫ്രാൻസിലെത്തിയത്.

വനിതാ ജീവനക്കാരെ ഇത്തരത്തിൽ മാറ്റിനിർത്തിയത് സ്ത്രീകളെ അപമാനിക്കുന്നതും ലിംഗസമത്വത്തിന് വിരുദ്ധവുമായ നടപടിയാണെന്ന് ജീവനക്കാർ ആരോപിച്ചു. പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ച ജീവനക്കാർ പണിമുടക്കിയതോടെയാണ് ഈഫൽ ടവർ അടച്ചത്. സംഭവത്തിൽ മാനേജ്മെന്റ് വനിതാ ജീവനക്കാരോട് ക്ഷമാപണം നടത്തുകയും പ്രശ്നം ചർച്ച ചെയ്യാൻ അവരെ ക്ഷണിക്കുകയും ചെയ്തു.

സംഭവത്തിൽ ഫ്രഞ്ച് രാഷ്ട്രീയ നേതൃത്വവും കടുത്ത എതിർപ്പ് രേഖപ്പെടുത്തി. ടവർ നടത്തിപ്പുകാരായ SETE-യോട് വിശദീകരണം തേടുകയും ആരോപണങ്ങളിൽ അന്വേഷണം നടത്താൻ പാരിസ് ഡപ്യൂട്ടി മേയർ ഇമ്മാനുവൽ ഗ്രിഗ്വാർ നിർദേശിക്കുകയും ചെയ്തു. ജീവനക്കാരുടെ ആശങ്കകൾ ന്യായമാണെന്നും വിഷയത്തിൽ അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും ഗ്രിഗ്വാർ പറഞ്ഞു. ലിംഗഭേദമന്യേ എല്ലാവർക്കും വിവേചനമില്ലാതെ ജോലി ചെയ്യാനും പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കാനും കഴിയണം. പ്രത്യേകിച്ച് പാരിസിന്റെ പ്രതീകമായ ചരിത്രസ്മാരകങ്ങളിൽ സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

‘സ്ത്രീകളുമായുള്ള സമ്പർക്കം’ പരിമിതപ്പെടുത്തുന്ന രീതിയിൽ സന്ദർശനം ക്രമീകരിക്കണമെന്ന ആവശ്യം പ്രതിനിധി സംഘം ഉന്നയിച്ചിരുന്നതായി SETE സ്ഥിരീകരിച്ചു.

അതേസമയം, സന്ദർശകർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനും സാധാരണ പ്രവേശനം ഉറപ്പാക്കാനുമാണ് ഈഫൽ ടവർ അധികൃതരുമായി ഏകോപിച്ച് സന്ദർശനം ക്രമീകരിച്ചതെന്ന് ബിഎപിഎസ് വിശദീകരിച്ചു. പതിവ് പ്രവർത്തനസമയം ആരംഭിക്കുന്ന സമയത്തുതന്നെ സന്ദർശനം നടത്താൻ മാനേജ്മെന്റുമായി ആലോചിച്ചിരുന്നുവെന്നും സംഘടന വ്യക്തമാക്കി.

സന്ദർശനത്തിനിടെ മറ്റ് പൊതുജനങ്ങൾക്ക് ഈഫൽ ടവറിലേക്കുള്ള പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും ബിഎപിഎസ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img