
കൊല്ലം: പാരിപ്പള്ളിയിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ അതീവ സുരക്ഷാ മേഖലയിലേക്ക് അമിതവേഗത്തിൽ കാർ ഇടിച്ചുകയറ്റി അതിക്രമം. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഷിനുരാജ്, ജയൻ എന്നിവരെ പാരിപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.
പാചകവാതകവുമായി എത്തിയ ഇരുപതോളം ടാങ്കറുകൾ യാർഡിൽ നിർത്തിയിട്ടിരിക്കെയാണ് അമിതവേഗത്തിലെത്തിയ കാർ പ്ലാന്റിലേക്ക് പാഞ്ഞുകയറിയത്. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
നിർത്തിയിട്ടിരുന്ന പെട്രോൾ, പാചകവാതക ടാങ്കറുകളിൽ കാറിടിച്ചിരുന്നെങ്കിൽ വൻ ദുരന്തത്തിന് തന്നെ കാരണമാകുമായിരുന്നുവെന്നാണ് വിലയിരുത്തൽ. വാതകച്ചോർച്ചയ്ക്കും തീപിടിത്തത്തിനും സാധ്യതയുണ്ടായിരുന്ന സാഹചര്യത്തിൽ വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
പ്രതികൾ കടുത്ത മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള പ്ലാന്റിലേക്ക് ഇവർ എങ്ങനെ കടന്നുകയറി എന്നതിലാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.










