
ദോഹ: രാജ്യത്ത് വായനാസംസ്കാരം വളർത്തുന്നതിനായി പ്രവർത്തിക്കുന്ന ഖത്തർ നാഷണൽ ലൈബ്രറിയുടെ (QNL) കീഴിലുള്ള ‘ഖത്തർ റീഡ്‌സ്’ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ഹമദ് മെഡിക്കൽ കോർപ്പറേഷന് (HMC) കീഴിലുള്ള വുമൺസ് വെൽനസ് ആൻഡ് റിസർച്ച് സെന്റർ (WWRC), ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റി (HBKU) എന്നിവയുമായി സഹകരിച്ച് ഗർഭിണികൾക്കായാണ് ‘പേരന്റ്സ്-ടു-ബി’ (Parents-to-Be) എന്ന ഗവേഷണാധിഷ്ഠിത വായനാ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
ഗർഭകാലത്തിന്റെ അവസാന മൂന്ന് മാസങ്ങളിലുള്ള (Third Trimester) അമ്മമാരെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. വിദഗ്ദ്ധരായ ലൈബ്രേറിയന്മാർ തിരഞ്ഞെടുത്ത പുസ്തകങ്ങൾ അടങ്ങുന്ന 'പേരന്റ്സ്-ടു-ബി കിറ്റ്' (Parents-to-Be kit) ഇതിലൂടെ അമ്മമാർക്ക് ലഭ്യമാക്കും. കുട്ടികൾ ജനിക്കുന്നതിന് മുൻപ് തന്നെ അവരുമായി വൈകാരികമായ ബന്ധം സ്ഥാപിക്കാനും, ആദ്യകാല പഠനം പ്രോത്സാഹിപ്പിക്കാനും, വായനാശീലം വളർത്താനും സഹായിക്കുന്ന പുസ്തകങ്ങളാണ് ഇതിലുള്ളത്. അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ ഈ കിറ്റുകൾ ലഭ്യമാണ്.ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലേക്കാണ് ഈ പദ്ധതിയിലൂടെ ഞങ്ങൾ വായനയുടെ പ്രാധാന്യം എത്തിക്കുന്നത്. വായനയുടെയും വൈകാരിക ബന്ധത്തിന്റെയും അടിത്തറ കുട്ടി ജനിക്കുന്നതിന് മുൻപ് തന്നെ ആരംഭിക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മാതാപിതാക്കൾക്ക് മികച്ച പുസ്തകങ്ങൾ നൽകുന്നതിലൂടെ കുടുംബജീവിതത്തിന്റെ തുടക്കം മുതൽ തന്നെ വായന ഒരു ശീലമാക്കാൻ സാധിക്കുമെന്ന് ഖത്തർ റീഡ്‌സ് മാനേജർ ഫാത്തിമ അൽ മാലികി പറഞ്ഞു.പദ്ധതിയുടെ ഭാഗമായി ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയുടെ (HBKU) നേതൃത്വത്തിൽ ഒരു ശാസ്ത്രീയ പഠനവും നടക്കുന്നുണ്ട്. ഈ പുസ്തകങ്ങൾ അമ്മമാരിലും കുട്ടികളിലും ഉണ്ടാക്കുന്ന ഗുണപരമായ മാറ്റങ്ങളെക്കുറിച്ചാണ് പഠനം നടത്തുന്നത്.
മെഡിക്കൽ ചികിത്സകൾക്ക് അപ്പുറം സ്ത്രീകളുടെയും കുട്ടികളുടെയും മാനസികവും സാമൂഹികവുമായ ആരോഗ്യത്തിന് വുമൺസ് വെൽനസ് ആൻഡ് റിസർച്ച് സെന്റർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് ഡയറക്ടർ ഡോ. സീന ബു ഷുർബാക്ക് അൽ മൻസൂരി വ്യക്തമാക്കി. ഗർഭിണികൾ ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അവർ അഭ്യർത്ഥിച്ചു.
പങ്കെടുക്കാൻ താല്പര്യമുള്ള അമ്മമാർക്ക് പ്രാഥമിക സർവേ പൂർത്തിയാക്കിയ ശേഷം ഈ വായനാ കിറ്റുകൾ നേരിട്ട് വീട്ടിൽ എത്തിച്ചു നൽകുമെന്ന് അധികൃതർ അറിയിച്ചു.










