
മൈസൂരു സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മാതാപിതാക്കൾ അറസ്റ്റിൽ. മൈസുരു സ്വദേശികളായ ഉമേഷും ഭാര്യ രൂപയുമാണ് ജയിലിലെ സുരക്ഷാ പരിശോധനയിൽ കുടുങ്ങിയത്. ലഹരിവിൽപ്പന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഇവരുടെ മകൻ ആനന്ദിന് കഞ്ചാവ് എത്തിച്ചു നൽകാനായിരുന്നു ഇവരുടെ ശ്രമം. സംഭവത്തിൽ ആനന്ദിന്റെ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ലഹരിവിൽപ്പനക്കേസിൽ റിമാൻഡിൽ കഴിയുന്ന ആനന്ദിന് വസ്ത്രങ്ങൾ നൽകാനെന്ന വ്യാജേനയാണ് മാതാപിതാക്കളായ ഉമേഷും ഭാര്യ രൂപയും ജയിലിലെത്തിയത്. എന്നാൽ, സുരക്ഷാ പരിശോധനയ്ക്കിടെ ആനന്ദിന് നൽകാനായി കൊണ്ടുവന്ന ജീൻസ് പാന്റിന്റെ കീശയിൽ കാർബൺ പേപ്പറിൽ പൊതിഞ്ഞ നിലയിൽ പേസ്റ്റ് രൂപത്തിലുള്ള ആറു പൊതികൾ കഞ്ചാവ് കണ്ടെത്തി.
ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു പിടികൂടിയത്. സുഹൃത്തായ സുരേഷിന്റെ നിർദേശപ്രകാരമാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ഇതോടെ ഉമേഷിനെയും രൂപയെയും മാണ്ഡി പൊലീസിന് കൈമാറി. തുടർന്ന് സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ മൈസൂരു സെൻട്രൽ ജയിലിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.











