
ദോഹ: പുതിയ അധ്യയന വർഷത്തിന് തുടക്കമാകാനിരിക്കെ ബാക്ക്-ടു-സ്കൂൾ (Back-to-School) ഷോപ്പിംഗിൽ മുൻകൂട്ടിയുള്ള ബജറ്റ് പ്ലാനിംഗിനും ഓഫറുകൾക്കും മുൻഗണന നൽകി ഖത്തറിലെ രക്ഷിതാക്കൾ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഉൽപ്പന്നങ്ങളുടെ വിലയിലുണ്ടായ വർധനവ് മറികടക്കാൻ വിവേകപൂർവ്വമായ ഉപഭോഗരീതിയാണ് കുടുംബങ്ങൾ പിന്തുടരുന്നത്.
സ്കൂൾ ഫീസിന് പുറമെ യൂണിഫോം, ബാഗ്, ഷൂസ്, സ്റ്റേഷനറി തുടങ്ങിയ അനുബന്ധ വസ്തുക്കൾക്കായി ഒരു കുട്ടിയൊന്നിന് ശരാശരി 3,000 മുതൽ 5,000 റിയാൽ വരെ ചെലവ് വരുന്നുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള വിലയിരുത്തൽ.ചെലവുകൾ പെട്ടെന്നൊരു സാമ്പത്തിക ഭാരമാകാതിരിക്കാൻ മാസങ്ങൾക്ക് മുമ്പേ തുക മാറ്റിവെച്ചും, പഴയ ബാഗുകളും ലഞ്ച് ബോക്സുകളും പുനരുപയോഗിച്ചുമാണ് പല കുടുംബങ്ങളും ബജറ്റ് നിയന്ത്രിക്കുന്നത്.പണപ്പെരുപ്പത്തിന്റെ ഭാഗമായി തുണിത്തരങ്ങൾ, പാദരക്ഷകൾ (3.28%), വിദ്യാഭ്യാസം (2.04%) എന്നീ മേഖലകളിൽ കഴിഞ്ഞ വർഷം നേരിയ വിലവർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കൃത്യമായ പ്ലാനിംഗിലൂടെ സാധനങ്ങൾ വാങ്ങാനും ഓഫറുകൾ താരതമ്യം ചെയ്യാനും വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) നിർദേശം നൽകി. സ്റ്റേഷനറികളിലും ഇലക്ട്രോണിക്സ് കടകളിലും ഓഫറുകളുടെ വ്യാജ പ്രചാരണം തടയാൻ മന്ത്രാലയം പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.സ്വകാര്യ സ്കൂളുകളിലെ അനാവശ്യ ഫീസ് വർധനവ് തടയുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം പുതിയ 'സ്കൂൾ ഫീസ് പോളിസി' നടപ്പിലാക്കി വരുന്നു.കഴിഞ്ഞ അധ്യയന വർഷത്തിൽ അർഹരായ 1,863 വിദ്യാർത്ഥികൾക്കായി സകാത്ത് കാര്യ വകുപ്പ് 54.94 മില്യൺ റിയാലിന്റെ വിദ്യാഭ്യാസ സഹായം വിതരണം ചെയ്തിരുന്നു.
നിലവാരമുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന പ്രൊമോഷനുകൾ പ്രയോജനപ്പെടുത്തിയും, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ താരതമ്യം ചെയ്തുമാണ് രക്ഷിതാക്കൾ ബാക്ക്-ടു-സ്കൂൾ പർച്ചേസുകൾ പൂർത്തിയാക്കുന്നത്.










