
ദോഹ: ഇന്ത്യൻ പ്രവാസി സമൂഹത്തിനായി ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ICBF) സംഘടിപ്പിച്ച പ്രത്യേക വിദ്യാഭ്യാസ-ബോധവത്കരണ സെഷൻ ചിന്തോദ്ദീപകമായി. “നാം കുട്ടികളെ നേതാക്കളാകാൻ പഠിപ്പിക്കുകയാണോ, അതോ അനുസരിക്കാൻ മാത്രമോ പഠിപ്പിക്കുന്നത്?” എന്ന വിഷയത്തെ ആസ്പദമാക്കി ഐസിബിഎഫ് കാഞ്ഞാനി ഹാളിൽ നടന്ന പരിപാടിയിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമൂഹിക-സാംസ്കാരിക സംഘടനാ ഭാരവാഹികളും നിരവധി പ്രവാസികളും പങ്കെടുത്തു.
സർട്ടിഫൈഡ് ലീഡർഷിപ്പ് ട്രെയിനറും കോച്ചും , മുൻ ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗവുമായ ശ്രീമതി നിർമ്മല ഗുരു ആയിരുന്നു സെഷന്റെ റിസോഴ്സ് പേഴ്സൺ.
കുട്ടികളുടെ ചിന്താശേഷി, സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള കഴിവ്, ഉത്തരവാദിത്വബോധം എന്നിവ രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കളുടെ വളർത്തൽ രീതികൾക്ക് നിർണായക പങ്കുണ്ടെന്ന് ശ്രീമതി നിർമ്മല ഗുരു തന്റെ മുഖ്യപ്രഭാഷണത്തിൽ വിശദീകരിച്ചു. ജീവിതവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാവുന്ന ഉദാഹരണങ്ങളും ഗവേഷണാധിഷ്ഠിതമായ നിരീക്ഷണങ്ങളും ജനപ്രിയമായ ഡോറമോണിന്റെ ‘മാജിക് പോക്കറ്റ്’ എന്ന ഉപമയും ഉപയോഗിച്ചുകൊണ്ട്, കുട്ടികളെ പിന്തുണയ്ക്കുന്നതും അവരുടെ എല്ലാ പ്രശ്നങ്ങളും മാതാപിതാക്കൾ തന്നെ പരിഹരിച്ച് നൽകുന്നതും തമ്മിലുള്ള സൂക്ഷ്മമായ വ്യത്യാസം അവർ വിശദീകരിച്ചു.
കുട്ടികളിൽ കൗതുകം, പ്രതിരോധശേഷി (Resilience), സ്വയംനിയന്ത്രണം, സ്വതന്ത്രചിന്ത എന്നിവ വളർത്തേണ്ടതിന്റെ പ്രാധാന്യവും അവർ ചൂണ്ടിക്കാട്ടി. കുട്ടികളുടെ വളർച്ചയെ “കേൾക്കുക → മനസ്സിലാക്കുക → ചോദ്യം ചെയ്യുക → തീരുമാനിക്കുക → നേതൃത്വം നൽകുക” എന്ന ക്രമത്തിലൂടെ മുന്നോട്ട് നയിക്കണമെന്ന് മാതാപിതാക്കളോടും അധ്യാപകരോടും അവർ ആഹ്വാനം ചെയ്തു.
പരിപാടിക്ക് ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ശ്രീ. ദീപക് ഷെട്ടി സ്വാഗതം ആശംസിച്ചു. ഐസിബിഎഫ് ആക്ടിംഗ് പ്രസിഡന്റ് ശ്രീ. റഷീദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ശ്രീമതി നിർമ്മല ഗുരുവിന് ശ്രീ. റഷീദ് അഹമ്മദ് ഉപഹാരം സമ്മാനിച്ചു. ഐ.സി.ബി.എഫ് സെക്രട്ടറി ശ്രീ. ജാഫർ തയ്യിൽ നന്ദി രേഖപ്പെടുത്തി.
ഐ.സി.ബി.എഫ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശ്രീ. കെ. വി. ബോബൻ, ഐ.സി.സി മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ. രവീന്ദ്ര പ്രസാദ്, ശ്രീ. മോഹൻ കുമാർ, അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവരും വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെ ഭാരവാഹികളും പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശ്രീ. മണി ഭാരതി, ശ്രീമതി മിനി സിബി, ശ്രീമതി നീലാംബരി എസ്., ശ്രീ. അമർ വീർ സിംഗ്, ശ്രീ. ശങ്കർ ഗൗഡ് എന്നിവർ പരിപാടിയുടെ ഏകോപനം നിർവഹിച്ചു.











