09:18pm 22 October 2026
NEWS
ആറ് ട്രെയിനുകൾ റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും; സംസ്ഥാനത്ത് റയിൽ ​ഗതാ​ഗതം താളംതെറ്റി
22/10/2026  09:10 AM IST
nila
ആറ് ട്രെയിനുകൾ റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും; സംസ്ഥാനത്ത് റയിൽ ​ഗതാ​ഗതം താളംതെറ്റി

തിരുവനന്തപുരം: പാറശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് സംസ്ഥാനത്ത് ട്രെയിൻ ​ഗതാ​ഗതം താറുമാറായി. തിരുവനന്തപുരം–നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. നിരവധി ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് ബിലാസ്പുർ–തിരുനെൽവേലി എക്സ്പ്രസിന്റെ എൻജിൻ പാളം തെറ്റിയതോടെയാണ് ട്രെയിൻ ​ഗതാ​ഗതം താളംതെറ്റിയത്.  

വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. പാറശാല റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ നിർത്തിയതിനു പിന്നാലെ എൻജിന്റെ നാലു ചക്രങ്ങൾ പാളം തെറ്റുകയായിരുന്നു. തുടർന്ന് പാളം തെറ്റിയ എൻജിനും ട്രെയിനും സ്ഥലത്തുനിന്ന് നീക്കി. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും റെയിൽവേ അറിയിച്ചു.

ട്രാക്കിൽ വീണ മണ്ണ് നീക്കം ചെയ്യാനുള്ള നടപടികൾ തുടരുകയാണ്. മണ്ണ് പൂർണമായും നീക്കിയശേഷം പരിശോധനകൾ പൂർത്തിയാക്കിയാലേ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനാകൂ. യാത്രക്കാരുടെ സൗകര്യാർഥം ബസ് സർവീസ് ഏർപ്പെടുത്തുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.

മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ തടസ്സം തിരുവനന്തപുരം–നാഗർകോവിൽ പാതയിലെ ട്രെയിൻ സർവീസുകളെ സാരമായി ബാധിച്ചു. ഗതാഗതം പുനഃസ്ഥാപിക്കുന്നതുവരെ യാത്രക്കാർ ട്രെയിൻ സർവീസുകളെക്കുറിച്ചുള്ള പുതിയ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

റദ്ദാക്കിയ ട്രെയിനുകൾ

∙ തിരുവനന്തപുരം നോർത്ത്–നാഗർകോവിൽ പാസഞ്ചർ(56306)
∙ നാഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ(56309)
∙ നാഗർകോവിൽ– കൊല്ലം ജംക്‌ഷൻ പാസഞ്ചർ
∙ കൊല്ലം ജംക്‌ഷൻ–നാഗർകോവിൽ പാസഞ്ചർ
∙ തിരുവനന്തപുരം നോർത്ത്–നാഗർകോവിൽ പാസഞ്ചർ(56310)
∙ നാഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56305)

പിടിച്ചിട്ടിരിക്കുന്ന ട്രെയിനുകൾ

∙ താംബരം– തിരുവനന്തപുരം സെൻട്രൽ സ്പെഷൽ
∙ മധുരൈ– പുനലൂർ എക്സ്‌പ്രസ്
∙ താംബരം– തിരുവനന്തപുരെ സെൻട്രൽ അമൃത് ഭാരത് എക്സ്‌പ്രസ്

പുറപ്പെടാൻ വൈകിയ ട്രെയിനുകൾ

∙ കന്യാകുമാരി– മംഗളൂരു സെൻട്രൽ പരശുറാം എക്സ്‌പ്രസ്
∙ നാഗർകോവിൽ–പുനലൂർ പാസഞ്ചർ
∙ പുനലൂർ– കന്യാകുമാരി പാസഞ്ചര്‌
∙ തിരവനന്തപുരം സെൻട്രൽ–താംബരം എക്സ്‌പ്രസ്

ഗുരുവായൂർ– ചെന്നൈ എഗ്‍മോർ എക്സ്‌പ്രസ്, പുണെ–കന്യാകുമാരി എക്സ്‌പ്രസ് എന്നിവയും വൈകുമെന്ന് റെയിൽവേ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img