
കൊച്ചി: മാതാപിതാക്കൾക്കൊപ്പം പേകേണ്ടെന്ന് പന്തീരാങ്കാവ് പീഡനക്കേസിലെ പരാതിക്കാരി. കഴിഞ്ഞ ദിവസം രാത്രിയിൽ കൊച്ചി വിമാനത്താവളത്തിൽ വിമാനമിറങ്ങിയ യുവതിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുയ യുവതിയെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിലാണ് നടപടി. എന്നാൽ, തനിക്ക് മാതാപിതാക്കൾക്കൊപ്പം പോകേണ്ടെന്ന നിലപാടാണ് യുവതി സ്വീകരിച്ചത്.
യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരനും പിതാവും രംഗത്തെത്തിയിരുന്നു. മേയ് 28ന് ശേഷം ഒരാഴ്ചയായി ഓഫിസിൽ ചെന്നിട്ടില്ലെന്നും യുവതി നിലപാട് മാറ്റിയത് രാഹുലിന്റെ സമ്മർദത്തിന് വഴങ്ങിയാവാം എന്നും സഹോദരൻ പറഞ്ഞു. യുവതിയുടെ ഫോൺ സ്വിച്ച് ഓഫാണെന്ന് ഇവരുടെ അമ്മയും പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് തന്നെ ആരും തട്ടികൊണ്ടുപോയിട്ടില്ലെന്ന് പറഞ്ഞ് പെൺകുട്ടി വിഡിയോയിലൂടെ രംഗത്തെത്തിയത്. താൻ സുരക്ഷിതയാണ്, സമ്മർദം കൊണ്ടാണ് വീട്ടിൽനിന്ന് മാറി നിൽക്കുന്നത്. എന്തുകൊണ്ടാണ് മുൻപ് ഭർത്താവിനെതിരെ അങ്ങനെ പറയേണ്ടി വന്നതെന്ന് നേരത്തേ പറഞ്ഞതാണ്. സമ്മർദം താങ്ങാൻ പറ്റുന്നതിനപ്പുറമായതു കൊണ്ടാണ് യുട്യൂബിൽ വിഡിയോ പങ്കുവയ്ക്കുന്നതെന്നും യുവതി പറഞ്ഞിരുന്നു.