10:35pm 14 September 2026
NEWS
പന്മന ആശ്രമം കോടതി കയറുന്നു; വിഭാഗീയത മറനീക്കി പുറത്ത്; ചട്ടമ്പിസ്വാമി ജയന്തി പോലീസ് കാവലിൽ
14/09/2026  09:27 PM IST
ചവറ സുരേന്ദ്രൻപിള്ള
പന്മന ആശ്രമം കോടതി കയറുന്നു; വിഭാഗീയത മറനീക്കി പുറത്ത്; ചട്ടമ്പിസ്വാമി ജയന്തി പോലീസ് കാവലിൽ

കുറെക്കാലം മുമ്പാണ് ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലത്തിന്റെ പേരിൽ കോടതിയിൽ കേസുകളും പോലീസ് നടപടികളും തിരുവനന്തപുരം കണ്ണമ്മൂലയിൽ ഉണ്ടായത്. ഇപ്പോഴിതാ ചട്ടമ്പിസ്വാമിയുടെ സമാധി സ്ഥലവും കോടതി കയറുന്നു! 

ചട്ടമ്പിസ്വാമികളുടെ 173-ാമത് ജയന്തി സമ്മേളനം പന്മന ആശ്രമത്തിൽ ഹൈക്കോടതി നിർദേശപ്രകാരം പോലീസ് സംരക്ഷണയിൽ നടന്നതും ഒരു വിഭാഗം സ്വാമിഭക്തന്മാർ ആശ്രമത്തിനു പുറത്ത് സമാധി സ്മാരക മണ്ഡപത്തിൽ പുഷ്പാഭിഷേകവും പ്രാർഥനയും തുടർന്ന് കൃഷ്ണായനം കളരിയിൽ ജയന്തി സമ്മേളനം നടത്തിയതും സ്വാമിഭക്തന്മാരുടെ ഇടയിൽ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ആ ശ്രമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു സമാധി സ്മാരക മണ്ഡപത്തിലും കളരിയിലും ചടങ്ങുകൾ നടന്നത്. 

ശ്രീബാലഭട്ടാരകേശ്വര ആശ്രമം സമിതി (ട്രസ്റ്റ്) പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പന്മന ആശ്രമത്തിലും ജനറൽ സെക്രട്ടറി എ.ആർ. ഗിരീഷ്‌കുമാറിന്റെ നേതൃത്വത്തിൽ സമാധി സ്മാരകത്തിലുമായിരുന്നു സെപ്തംബർ രണ്ടാം തീയതിയിലെ സ്വാമിയുടെ 173-ാമത് ജയന്തി ആഘോഷം നടന്നത്. ആഘോഷം സംബന്ധമായി ആശ്രമം പ്രസിഡന്റ് ഹൈക്കോടതിയിൽ പോകുകയും സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കേസു കൊടുക്കുകയും ചടങ്ങിന് പോലീസ് സംരക്ഷണം ആവശ്യപ്പെടുകയുമായിരുന്നു. 

ആശ്രമം പ്രസിഡന്റ് കുമ്പളത്ത് വിജയകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി എ.ആർ. ഗിരീഷ്‌കുമാറും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നുണ്ടായ ആരോപണ പ്രത്യാരോപണങ്ങളെ തുടർന്ന് പന്മന ആശ്രമ അന്തരീക്ഷം കാലുഷ്യത്തിലേക്ക് നീങ്ങുകയാണ്. എ.ആർ. ഗിരീഷ്‌കുമാർ, കെ. അരവിന്ദാക്ഷൻപിള്ള , രാജേഷ് പുന്തുവിളയിൽ, ജി.കൃഷ്ണകുമാർ, ജി.ബാലചന്ദ്രൻ എന്നിവർക്കെതിരെയായിരുന്നു ഹൈകോടതിയിൽ നിന്നും ഉത്തരവ് സമ്പാദിച്ചത്. 2026 ജൂലൈ 20 ന് പന്മന ആശ്രമം സെക്രട്ടറിയെ പുറത്താക്കി എന്ന് പ്രസിഡന്റ് വാർത്ത കൊടുത്തതിനെതിരെ ആഗസ്റ്റ് 15 ന് സെക്രട്ടറിയുടെ നേതൃത്വത്തിൽ ആശ്രമത്തിൽ പൊതുയോഗം കൂടാൻ തീരുമാനിച്ചെത്തിയവരെ പ്രസിഡന്റ് ആശ്രമ ഗേറ്റുകൾ അടച്ചിട്ട് തടയുകയായിരുന്നു. സ്വാതന്ത്ര്യ ദിനത്തിൽ പന്മന ആശ്രമത്തിൽ ഒരു സംഘർഷം ഉണ്ടാക്കരുതെന്ന പോലീസിന്റെ നിർദേശപ്രകാരം സെക്രട്ടറിയും കൂട്ടരും ആശ്രമത്തിനു സമീപം കൃഷ്ണായനം കളരിയിൽ യോഗം ചേർന്നു. 

തിരുവനന്തപുരത്തെയും കൊല്ലത്തെയും ചട്ടമ്പിസ്വാമി ഭക്തർ പറഞ്ഞതു കേൾക്കാതെയായിരുന്നു ചട്ടമ്പിസ്വാമി പന്മനയിൽ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ അടുത്തേക്ക് വന്നത്. ഒരിക്കൽ സ്വാമികൾ പന്മനയിൽ വന്നപ്പോൾ പാണയത്ത് കാവിൽ ഒരു സമാധി സ്ഥലം കണ്ടു വച്ചിരുന്നു. സ്വാമികൾ കണ്ട സ്ഥലം പാണയത്ത് കുടുംബക്കാരുടെ ആരാധനാസ്ഥലമായിരുന്നു. അവരുടെ കൈവശമുള്ള സ്ഥലം കുമ്പളത്ത് ശങ്കുപ്പിള്ള ചോദിച്ചിട്ട് ആവശ്യം അറിയാത്തതു കാരണം അവർ കൊടുത്തില്ല. കുമ്പളം കാവു പിടിച്ചെടുക്കാൻ കേസ് കൊടുത്തെങ്കിലും പാണയത്ത് കാരണവർ പത്മനാഭപിള്ള അതിനെതിരെ കേസ് കൊടുത്തു വിജയിച്ചു. 

സ്വാമികൾ പ്രാക്കുളത്തുള്ള കുമ്പളത്ത് ശങ്കുപ്പിള്ളയുടെ തറവാട്ടിൽ നിന്നും പിന്നീട് പന്മനയിലേക്ക് വന്നപ്പോൾ സി.പി. സ്മാരക വായനശാലയിലായിരുന്നു വിശ്രമം ഒരുക്കിയത്. തൊട്ടടുത്തുള്ള പാണയത്ത് കാവിൽ സമാധിയാകണമെന്നുള്ള ആഗ്രഹം ബാക്കിവച്ച്  സ്വാമികൾ വായനശാലയിൽ സമാധിയായി. ഈ സമാധിസ്ഥലം ഇപ്പോൾ സർക്കാരിന്റെ പുരാവസ്തുവകുപ്പിന്റെ ഉടമസ്ഥതയിലാണ്. സമാധി ഇരുത്തേണ്ട സർപ്പക്കാവിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായ പാണയത്ത് പത്മനാഭപിള്ള ഓച്ചിറ കൊച്ചുമുറി നാണു ജ്യോത്സ്യരെ പോയി കണ്ട് കാവിൽ സമാധി ഇരുത്തുന്നതിന് കുഴപ്പമുണ്ടോ എന്ന് പ്രശ്‌നം വയ്പിച്ചു. ആരാധന നടത്തിക്കൊണ്ടിരുന്ന കാവിൽ ശവം അടക്കി എന്നൊരു ഭയം കൊണ്ടായിരുന്നു പാണയത്ത് കാരണവർ പ്രശ്‌നം വയ്പിക്കാൻ പോയത്. നല്ലതാണെന്നും അതൊരു പുണ്യസ്ഥലമായി മാറുമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ യാതൊരു പ്രതിഫലവും വാങ്ങാതെ സ്വാമിയെ സമാധി ഇരുത്താൻ കുടുംബക്കാവ് വിട്ടു കൊടുക്കുകയായിരുന്നു. അങ്ങനെയാണ് പാണയത്ത് കാവ് പന്മന ആശ്രമമായി മാറിയത്. 

അതിനുശേഷം കുമ്പളത്ത് ശങ്കുപ്പിള്ളയുടെ നേതൃത്വത്തിൽ 27 പേർ ചേർന്ന് 1938 ൽ 'ശ്രീബാലഭട്ടാരകേശ്വരാശ്രമം ട്രസ്റ്റിന്' രൂപം നൽകി. നാട്ടുകാരുടെയും പ്രമാണിമാരുടെയും സംഭാവന വാങ്ങി ക്ഷേത്രവും കെട്ടിടങ്ങളും നിർമിച്ചു. ഗാന്ധിജി, മീരാബെൻ തുടങ്ങിയ മഹാത്മാക്കൾ പന്മന ആശ്രമം സന്ദർശിക്കുകയും വിശ്രമിക്കുകയും ചെയ്തിട്ടുണ്ട്.   
                     
1969 ൽ കുമ്പളത്തിന്റെ നിര്യാണശേഷം ആശ്രമത്തിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലായി. 1993 ൽ കൈവല്യാനന്ദ സ്വാമി പന്മനയിലെത്തി നേതൃത്വം ഏറ്റെടുത്തതോടെ ആശ്രമം പു രോഗതി പ്രാപിക്കുകയായിരുന്നു. പന്മന ആശ്രമത്തിന്റെ പ്രവർത്തനങ്ങൾ 1938 ലെ 1692/1114-ാം നമ്പർ ട്രസ്റ്റ് ഉടമ്പടി പ്രകാരമാണ് നടന്നു വരുന്നതെന്ന് എ.ആർ. ഗിരീഷ്‌കുമാർ പറഞ്ഞു. ട്രസ്റ്റ് ഉടമ്പടി പ്രകാരം 'സകല ഹിന്ദുക്കളുടെയും വക പൊതുസ്ഥാപനമായിരിക്കണമെന്നുള്ള ഉദ്ദേശ്യ സാധ്യത്തിനുവേണ്ടി'യാണ് പന്മനആശ്രമം സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരു കുടുംബത്തിനും ഒരധികാരവും അവകാശവും ഉടമ്പടിയിൽ പറഞ്ഞിട്ടില്ലെന്നും ഗിരീഷ്‌കുമാർ പറഞ്ഞു. 1992 മുതൽ കുമ്പളത്ത് വിജയകൃഷ്ണപിള്ള പ്രസിഡന്റാണ്. 2002 ലാണ് എ.ആർ. ഗിരീഷ്‌കുമാർ ജനറൽ സെക്രട്ടറിയായി പ്രവർത്തനം ആരംഭിച്ചത്. ചട്ടമ്പിസ്വാമികൾ സമാധിയായി ഒരു നൂറ്റാണ്ട് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സമാധിസ്ഥലമായ പന്മന ആശ്രമത്തിലുണ്ടാകുന്ന വിവാദങ്ങൾ സ്വാമിഭക്തന്മാർക്ക് ദു:ഖത്തിനിടനൽകുന്നതാണ്.                                                                 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img