05:57am 22 April 2025
NEWS
'പാനി പഞ്ച' തിരിച്ചെത്തി; ഇഡ്ഡലി തയ്യാറാക്കുന്ന പ്രക്രിയയിൽ നിന്നും പ്ലാസ്റ്റിക് ഷീറ്റ് പുറത്ത്
15/03/2025  11:47 AM IST
വിഷ്ണുമംഗലം കുമാർ
പാനി പഞ്ച തിരിച്ചെത്തി; ഇഡ്ഡലി തയ്യാറാക്കുന്ന പ്രക്രിയയിൽ നിന്നും പ്ലാസ്റ്റിക് ഷീറ്റ് പുറത്ത്

 കർണാടക : ഇഡ്ഡലിയുടെ ഉൽപ്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹോട്ടലുകളിലും മറ്റും വിവിധതരം യന്ത്രങ്ങൾ വന്നത്. വളരെ പെട്ടെന്ന് നൂറുകണക്കിന് ഇഡ്ഡലികൾ ഉണ്ടാക്കുന്ന ആവിയന്ത്രങ്ങൾ ചെറിയ ഹോട്ടലുകളിൽ പോലും കാണാം. യന്ത്രവൽകൃതമായതിനെ തുടർന്നാണ് ഇഡ്ഡലിതട്ടുകളിൽ മാവൊഴിക്കാനും വെന്തുകഴിയുമ്പോൾ എളുപ്പത്തിൽ ഇളക്കിയെടുക്കുന്നതിനുമായി നേർത്ത പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ചുതുടങ്ങിയത്. കർണാടകത്തിൽ ബംഗളുരുവിലെയും മറ്റു നഗരങ്ങളിലെയും ദർശിനി ഹോട്ടലുകളിൽ ഇഡ്ഡലി ഏറ്റവും ചെലവുള്ള പലഹാരമാണ്. ഇത്തരം ഹോട്ടലുകൾ വ്യാപകമായി യന്ത്രവൽകൃതമായതോടെയാണ് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗം വർധിച്ചത്. ഉയർന്ന ചൂടിൽ ഇഡ്ഡലി വേവുമ്പോൾ പ്ലാസ്റ്റിക് ഷീറ്റുകൾ ഉരുകി ഇഡ്ഡലിയിൽ ചേരുന്നതായി സംസ്ഥാന ഭക്ഷ്യ സുരക്ഷാവകുപ്പ് ഈയ്യിടെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് കലർന്ന ഇഡ്ഡലി കഴിക്കുന്നവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്ന് വിദഗ്ധ പരിശോധനയിൽ തെളിയുകയും ചെയ്തിരുന്നു. അതേതുടർന്ന് ഭക്ഷ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു ഇഡ്ഡലി ഉൽപാദനത്തിനായി പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു. പാനി പഞ്ച എന്നറിയപ്പെടുന്ന മസ്‌ലിൻ തുണിയാണ് മുമ്പ് ഇഡ്ഡലി ഉണ്ടാക്കുമ്പോൾ തട്ടിനടിയിൽ വെച്ചിരുന്നത്. പ്ലാസ്റ്റിക് നിരോധം വരികയും ആളുകൾ ജാഗ്രത പാലിക്കുകയും ചെയ്തതോടെ ബംഗളുരുവിലെ ഒട്ടുമിക്ക ദർശിനി ഹോട്ടലുകളിലും പാനി പഞ്ച തിരിച്ചെത്തിയിട്ടുണ്ട്. തുണി പ്ലാസ്റ്റിക് ഷീറ്റുപോലെ സൗകര്യപ്രദമല്ല. ഇഡ്ഡലി മാവ് തട്ടിന്റെ അടിഭാഗത്ത് ഒട്ടിപ്പിടിക്കും. ഇടയ്ക്കിടെ തട്ടുകൾ കഴുകി വൃത്തിയാക്കേണ്ടിവരും. എന്നാൽ തുണി ഉപയോഗിച്ചാൽ ഇഡ്ഡലിയിൽ മായം കലരില്ല. അതിനാൽ  ആരോഗ്യപ്രശ്നങ്ങളുടെ പ്രശ്നം ഉദിക്കുന്നുമില്ല. ഒരു മീറ്റർ മസ്‌ലിൻ തുണിയ്ക്ക് നൂറുരൂപയിൽ താഴെയേ വിലയുള്ളുവെന്നും ഒരു വർഷത്തോളം ഉപയോഗിക്കാമെന്നും യന്ത്രവൽക്കരണത്തിന്റെ ആധിക്യത്തിലും ഇഡ്ഡലി ഉണ്ടാക്കാൻ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചിട്ടില്ലാത്ത ബംഗളുരുവിലെ ഒരു സാധാരണ ഹോട്ടലിന്റെ ഉടമസ്ഥൻ പറയുന്നു. തുണി ഉപയോഗിക്കുമ്പോൾ ഇടയ്ക്കിടെ കഴുകി ഉണക്കണമെന്നേയുള്ളൂ. ഒട്ടുമിക്ക ഹോട്ടലുകളും പാനി പഞ്ചയിലേക്ക് മാറിക്കഴിഞ്ഞു. ചിലർ വാഴയിലയും ഉപയോഗിക്കുന്നുണ്ട്. പക്ഷെ വാഴയിലയ്ക്ക് വില കൂടുതലാണ്. എല്ലായ്‌പ്പോഴും ആവശ്യത്തിന് ലഭ്യമാവുകയുമില്ല. പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഇഡ്ഡലി കാൻസറിന് വരെ കാരണമാകുമെന്നാണ് വിദഗ്ദ്ധ പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. എത്രയോ വർഷക്കാലം ഒട്ടേറെ ഹോട്ടലുകളും റസ്റ്റോറന്റുകളും പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് ഉണ്ടാക്കിയ ഇഡ്ഡലിയാണ് ആളുകൾക്ക് വിളമ്പിയത് എന്ന യാഥാർഥ്യം നിലനിൽക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img img