05:39pm 30 June 2026
NEWS
വജ്രജൂബിലിയുടെ നിറവിൽ പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം.
30/06/2026  04:25 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വജ്രജൂബിലിയുടെ നിറവിൽ പാങ്ങോട്  സൈനിക കേന്ദ്ര  ആസ്ഥാനം

 

 ഇന്ത്യൻ  സൈന്യത്തിനും രാജ്യത്തിനും ആറ് പതിറ്റാണ്ടുകളുടെ സമർപ്പിത സേവനത്തിന്റെ അടയാളമായി, തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം 2026 ജൂൺ 29 ന് അതിന്റെ 60-ാം സ്ഥാപക ദിനം (വജ്രജൂബിലി) ആഘോഷിച്ചു. 
യുദ്ധസ്മരകത്തിൽ പുഷ്പചക്ര സമർപ്പണത്തോടെ ആഘോഷ ചടങ്ങുകൾ  ആരംഭിച്ചു. തുടർന്ന് നടന്ന പ്രത്യേക സൈനിക സമ്മേളനത്തിൽ പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ്  ഉപാധ്യായ മികച്ച ഉദ്യോഗസ്ഥരെ ആദരിച്ചു.

1966 ജൂൺ 29 ന് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം സ്ഥാപിച്ചതു മുതൽ ദക്ഷിണേന്ത്യയിലെ സൈനിക സേവന നിർവ്വഹണം, സൈനിക കേന്ദ്രങ്ങളുടെ നടത്തിപ്പ്, വിമുക്ത ഭടൻമാരുടെ ക്ഷേമം എന്നിവയ്ക്കുള്ള ഒരു പ്രധാന കേന്ദ്രമാണ്  ഈ  സൈനിക ആസ്ഥാനമെന്ന് പാങ്ങോട് സൈനിക കേന്ദ്ര മേധാവി  എടുത്തുപറഞ്ഞു. കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള നിലവിൽ സേവനമനുഷ്ടിക്കുന്ന ഉദ്യോഗസ്ഥരും വിമുക്തഭടന്മാരും ആഘോഷങ്ങളിൽ പങ്കെടുത്തു. കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി തിരുവനന്തപുരത്തെ പാങ്ങോട് സൈനിക കേന്ദ്ര  ആസ്ഥാനത്തിന്റെ സമ്പന്നമായ പൈതൃകവും സംഭാവനകളും പ്രദർശിപ്പിക്കുന്ന ഒരു സാംസ്കാരിക സായാഹ്നവും സംഘടിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുന്ന കലാരൂപങ്ങളായ കഥകളി, തെയ്യം, ശിങ്കാരി മേളം, മോഹിനിയാട്ടം, ഒപ്പന എന്നിവയും ചടങ്ങിൽ അവതരിപ്പിച്ചു. ഉദ്യോഗസ്ഥരും, സൈനികരും, കുടുംബാംഗങ്ങളും പങ്കെടുത്തു.

കേരളത്തിലും തമിഴ്‌നാട്ടിലുമായി 11 ഇ.സി.എച്ച്.എസ് പോളിക്ലിനിക്കുകൾ, ഒരു സമർപ്പിത വെറ്ററൻ സെൽ, 10 വിമുക്തഭട കാന്റീനുകളുടെ നടത്തിപ്പ് എന്നിവയിലൂടെ 5.97 ലക്ഷം വിമുക്തഭടന്മാർക്കും വിധവകൾക്കും ആശ്രിതർക്കും സേവനം നൽകുന്നതിൽ ഈ സൈനിക ആസ്ഥാനത്തിൻ്റെ  നിർണായക പങ്ക് പാങ്ങോട് സൈനിക കേന്ദ്ര മേധാവി  എടുത്തുപറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, നിയമ, അച്ചടക്ക കാര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണം, മാനുഷിക സഹായം, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, സിവിൽ-സൈനിക ബന്ധം, സൈനികരുടെ ഭൗതിക ശരീരങ്ങളോടുള്ള ആദരവ്  എന്നിവയുൾപ്പെടെ ഈ സൈനിക കേന്ദ്ര ആസ്ഥാനത്തിന്റെ വൈവിധ്യമാർന്ന ഉത്തരവാദിത്തങ്ങളും അദ്ദേഹം സൂചിപ്പിച്ചു. വെല്ലുവിളികളെ അതിജീവിക്കാനും രാജ്യത്തിന് വേണ്ടി മികച്ച സേവനം കാഴ്ചവയ്ക്കാനുമുള്ള അചഞ്ചലമായ ദൃഢനിശ്ചയത്തിന് "ദി മൂവേഴ്‌സ്" എന്നറിയപ്പെടുന്ന സ്റ്റേഷൻ ആസ്ഥാനം സേവനത്തിന്റെയും പ്രതിരോധശേഷിയുടെയും പ്രതിബദ്ധതയുടെയും പ്രതീകമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തിന്റെ വളർച്ചയ്ക്കും വിജയത്തിനും സംഭാവന നൽകിയ എല്ലാ ഉദ്യോഗസ്ഥരുടെയും, വിമുക്ത ഭടൻമാരുടെയും, കുടുംബാംഗങ്ങളുടെയും ഒത്തുചേരലോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്. പാങ്ങോട് കേന്ദ്ര ആസ്ഥാനത്തെ അഡ്മിൻ കമാൻഡൻ്റ് ആയ കേണൽ സൂര്യ മുഖർജി നന്ദി രേഖപ്പെടുത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img