
തിരുവനന്തപുരം: മകന്റെ അവസാന ഫോൺവിളി ഇപ്പോഴും അച്ഛൻ മധുകുമാറിന്റെ മനസ്സിലുണ്ട്. ‘‘അച്ഛാ, പത്ത് മിനിറ്റിൽ വരാം...’’ പാങ്ങപ്പാറയിൽ കൊല്ലപ്പെട്ട എം.ഡി. അഭിരാമിന്റെ അവസാന വാക്കുകൾ ഇതായിരുന്നു. മകൻ വൈകാതെ വീട്ടിലെത്തുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന അച്ഛനെ തേടിയെത്തിയത് പിന്നീട് അവന്റെ മരണവാർത്തയായിരുന്നു.
ഞായറാഴ്ച സുഹൃത്തിനെ കാണാനുണ്ടെന്ന് പറഞ്ഞാണ് അഭിരാം വീട്ടിൽനിന്ന് ഇറങ്ങിയത്. വൈകീട്ട് വിവാഹച്ചടങ്ങിൽ പങ്കെടുക്കേണ്ടതിനാൽ വേഗം തിരിച്ചെത്തണമെന്ന് അച്ഛൻ പ്രത്യേകം പറഞ്ഞിരുന്നു. എന്നാൽ സമയം ഏറെ കഴിഞ്ഞിട്ടും മകനെ കാണാതായതോടെ മധുകുമാർ ഫോണിൽ വിളിച്ചു. മറുതലയ്ക്കൽ കേട്ടത് കിതച്ചുകൊണ്ടുള്ള ശബ്ദം. പത്തുമിനിറ്റിനകം എത്താമെന്നായിരുന്നു അഭിരാമിന്റെ മറുപടി. ഓടിക്കിതച്ചതുപോലെയായിരുന്നു മകന്റെ സംസാരമെന്ന് അച്ഛൻ ഓർത്തെടുക്കുന്നു. അന്ന് ആ ശബ്ദത്തിനു പിന്നിലെ ഭീതിയും അപകടവും തിരിച്ചറിയാൻ അദ്ദേഹത്തിനായില്ല.
മകൻ എത്താതിരുന്നതിനാൽ കുടുംബം വിവാഹച്ചടങ്ങിന് പോയി. രാത്രി ഒൻപതോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴും അഭിരാം എത്തിയിരുന്നില്ല. ഇതോടെയാണ് ബന്ധുക്കളും കുടുംബാംഗങ്ങളും അന്വേഷണം ആരംഭിച്ചതും പൊലീസിൽ പരാതി നൽകിയതും.
സുഹൃത്ത് അയച്ച സന്ദേശത്തെത്തുടർന്നാണ് കാണാൻ പോകുന്നതെന്ന് അഭിരാം വീട്ടിൽ പറഞ്ഞിരുന്നു. സുഹൃത്തിന്റെ ഫോൺ നമ്പറും അച്ഛന് നൽകിയിരുന്നു. ഈ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺസുഹൃത്തിയിലേക്കും പൊലീസ് എത്തിയത്. അഭിരാമിന് വന്ന സന്ദേശത്തെക്കുറിച്ച് അറിയില്ലെന്നും പതിനേഴുകാരനായ സുഹൃത്തിന്റെ കൈവശമാണ് ഫോൺ ഉണ്ടായിരുന്നതെന്നും പെൺസുഹൃത്ത് അറിയിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്.
ശ്രീകാര്യം ചാവടിമുക്ക് സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് അഭിരാമും കൊലപാതകം നടത്തിയ സുഹൃത്തും. കേശവദാസപുരം എൻ.എസ്.എസ്. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു അഭിരാം.
മകന്റെ സൈക്കിളിനരികിൽ കണ്ണീരോടെ അമ്മ
പാങ്ങപ്പാറ നേതാജി ലെയ്നിലെ ആ വാടകവീട്ടിൽ ഇപ്പോൾ നിറയുന്നത് അമ്മ ധർമജയുടെ നിലവിളിയാണ്. വീടിന്റെ ചുമരിനോട് ചേർത്തുവെച്ചിരിക്കുന്ന മകന്റെ സൈക്കിൾ നോക്കിനിൽക്കുമ്പോഴും ആ അമ്മയുടെ മനസ്സിൽ ഒരേയൊരു ചോദ്യം: ‘‘കൊല്ലണമായിരുന്നോ എന്റെ കുഞ്ഞിനെ...’’
മകനെ കാണാനില്ലെന്ന വിവരം അറിഞ്ഞതിനെത്തുടർന്ന് വിദേശത്തുനിന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് ധർമജ നാട്ടിലെത്തിയത്. പത്തുവർഷമായി വാടകവീട്ടിലാണ് കുടുംബം കഴിയുന്നത്. മകനുവേണ്ടി സ്വന്തമായി ഒരു വീട് ഒരുക്കണമെന്ന സ്വപ്നവുമായാണ് ധർമജ വിദേശത്തേക്ക് പോയത്. കഴിഞ്ഞ ഓണക്കാലത്താണ് മകനെ അവസാനമായി നേരിൽ കണ്ടത്.
അച്ഛനും അമ്മയും അമ്മൂമ്മയും സഹോദരി, സഹോദരീഭർത്താവ്, അവരുടെ മകൾ എന്നിവരടങ്ങുന്നതാണ് അഭിരാമിന്റെ കുടുംബം. സൗദിയിൽ നഴ്സായി ജോലി ചെയ്യുന്ന സഹോദരി ആര്യയ്ക്ക് അഭിരാമിനേക്കാൾ 12 വയസ്സ് പ്രായക്കൂടുതലുണ്ട്. സഹോദരിയെ അമ്മയുടെ സ്ഥാനത്താണ് അഭിരാം കണ്ടിരുന്നത്.
എന്നാൽ, കൊലപാതകം നടത്തിയ സുഹൃത്തിനെക്കുറിച്ചോ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺസുഹൃത്തിനെക്കുറിച്ചോ മകൻ വീട്ടിൽ പറഞ്ഞിരുന്നില്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. സഹോദരിയുമായി അത്രയും അടുപ്പമുണ്ടായിരുന്നിട്ടും ഇക്കാര്യങ്ങൾ അവളോടുപോലും പങ്കുവെച്ചിരുന്നില്ലെന്നത് കുടുംബത്തെ കൂടുതൽ വേദനിപ്പിക്കുന്നു.
എല്ലാവരോടും സ്നേഹത്തോടെയും സൗഹൃദത്തോടെയും ഇടപെട്ടിരുന്ന മകന് ഇങ്ങനെയൊരു ദുരന്തം സംഭവിക്കുമെന്ന് വീട്ടുകാർ ഒരിക്കലും കരുതിയിരുന്നില്ല. സ്വന്തം നാട്ടിൽ, കളിച്ചുവളർന്ന മണ്ണിൽ മകന്റെ ജീവനെടുത്തുവെന്ന വേദനയിലാണ് അമ്മ ധർമജ.
‘‘എന്റെ മകൻ കളിച്ചുവളർന്ന മണ്ണാണിത്. ഇനി ആരെയാണ് ഞാൻ വിശ്വസിക്കേണ്ടത്? എന്റെ കുഞ്ഞിനെ കൊന്നുകളഞ്ഞില്ലേ...’’ അമ്മയുടെ ഈ വാക്കുകൾ കേട്ട് ആശ്വസിപ്പിക്കാനെത്തിയവർക്കുപോലും കണ്ണീർ നിയന്ത്രിക്കാനായില്ല.










