04:32pm 03 November 2026
NEWS
പാങ്ങപ്പാറ കൊലപാതകം: 17കാരന്റെ മുൻ കാമുകിയും പ്രതിപ്പട്ടികയിൽ; ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയം
03/11/2026  12:54 PM IST
nila
പാങ്ങപ്പാറ കൊലപാതകം: 17കാരന്റെ മുൻ കാമുകിയും പ്രതിപ്പട്ടികയിൽ; ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയം

തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ വീണ്ടും വഴിത്തിരിവ്. കൊലപാതകക്കേസിൽ അറസ്റ്റിലായ 17കാരന്റെ മുൻ കാമുകിയായ 18കാരിയെയും പൊലീസ് പ്രതി ചേർത്തു. മണക്കാട് സ്വദേശിനിയും ഐടിഐ വിദ്യാർഥിനിയുമായ അനന്തയാണ് കേസിലെ മൂന്നാം പ്രതി. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.

അഭിരാമിനെ കൊലപ്പെടുത്തിയ 17കാരനെയും കൃത്യത്തിൽ സഹായിച്ചെന്നാരോപിച്ച് ഗുണ്ടാ സംഘാംഗമായ ഉമറിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉമറിന്റെ കാമുകിയായ ആക്കുളം സ്വദേശിനി ഐശ്വര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ച് ഐശ്വര്യയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അതേസമയം, കൊലപാതകം നടന്ന സമയത്ത് ഉമറും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷമാണ് ഉമറിനെ വിളിച്ചുവരുത്തിയതെന്നായിരുന്നു 17കാരന്റെ ആദ്യ മൊഴി.

ലക്ഷ്യം അഭിരാമിന്റെ സുഹൃത്ത്

അഭിരാമിനെയല്ല, സുഹൃത്തിനെയായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. കൊല്ലപ്പെട്ട അഭിരാമിന്റെ സുഹൃത്തുമായി അനന്ത പ്രണയത്തിലായിരുന്നു. നേരത്തെ കൊലപാതകക്കേസിലെ 17കാരനുമായി അടുപ്പത്തിലായിരുന്ന അനന്ത, ഇരുവരും തമ്മിൽ അകന്നതിനു ശേഷമാണ് അഭിരാമിന്റെ സുഹൃത്തുമായി പ്രണയത്തിലായത്. പുതിയ കാമുകനൊപ്പമുള്ള ചിത്രങ്ങൾ അനന്ത മുൻ കാമുകന് അയച്ചുനൽകിയതോടെ ഇയാൾക്ക് പകയുണ്ടായെന്നാണ് പൊലീസ് പറയുന്നത്.

തുടർന്ന് അനന്തയുടെ പുതിയ കാമുകനെ കൊലപ്പെടുത്താൻ 17കാരൻ പദ്ധതിയിട്ടു. അഭിരാമിന്റെ സുഹൃത്തായിരുന്നു ഇയാൾ. സുഹൃത്തിനെ സ്ഥലത്തെത്തിക്കാനായി അഭിരാമിനെ ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി അനന്തയുടെ ഫോൺ രണ്ടുദിവസത്തേക്ക് വാങ്ങിയ പ്രതി, ഇൻസ്റ്റഗ്രാം സന്ദേശം അയച്ചാണ് അഭിരാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തിയത്.

എന്നാൽ സ്ഥലത്തെത്തിയ അഭിരാം സുഹൃത്തിനെ വിളിച്ചുവരുത്താൻ തയ്യാറായില്ല. ഇതേച്ചൊല്ലിയുണ്ടായ തർക്കം പിന്നീട് അക്രമത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെ അഭിരാമിന്റെ അച്ഛൻ ഫോണിൽ വിളിച്ചെങ്കിലും സംസാരിക്കുന്നത് പ്രതി തടസ്സപ്പെടുത്തി. തുടർന്ന് അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അഭിരാമിനെ മർദിക്കുകയും ബെൽറ്റ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കുകയുമായിരുന്നു. ഇതിനുശേഷമാണ് ഉമറിനെ വിളിച്ചുവരുത്തിയതെന്നാണ് പ്രതിയുടെ മൊഴി.

കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയിൽ അനന്തയ്ക്കും പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ കേസിൽ പ്രതി ചേർത്തത്.

അന്വേഷണത്തിന്റെ തുടക്കത്തിൽ പൊലീസിന് വീഴ്ചയെന്ന് പിതാവ്

അതേസമയം, കേസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണവുമായി അഭിരാമിന്റെ അച്ഛൻ മധു രംഗത്തെത്തി. രാത്രിയിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് വിട്ടയച്ചിരുന്നുവെന്നും ഇതുമൂലം സംഭവത്തിന്റെ യഥാർഥ വിവരം അറിയാൻ വൈകിയെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ പിന്നീട് പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തിയെന്നും കുടുംബം വ്യക്തമാക്കി. അവസാനമായി മകനുമായി ഫോണിൽ സംസാരിച്ചപ്പോൾ ഭയന്നാണ് സംസാരിച്ചതെന്നും മധു പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img