06:05pm 23 October 2026
NEWS
പന്തളം കൊട്ടാരത്തിൽ നിന്ന് തിരുവാഭരണത്തിലെ കാണിപ്പൊന്ന് മോഷണംപോയി
15/04/2026  10:25 AM IST
nila
പന്തളം കൊട്ടാരത്തിൽ നിന്ന് തിരുവാഭരണത്തിലെ കാണിപ്പൊന്ന് മോഷണംപോയി

പന്തളം: ശബരിമലയിലെ തിരുവാഭരണത്തിൽ നിന്നും കാണിപ്പൊന്ന് മോഷണംപോയി. പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ ചാർത്തി ദർശനത്തിന് വെച്ചതിനിടെയാണ് കാണിപ്പൊന്ന് ആരോ മോഷ്ടിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ആരംഭിച്ചിരുന്നു. രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. ‌

കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞെത്തിയ വ്യക്തിക്ക്, പതിവുപോലെ കണ്ണിൽ വച്ച് തൊഴാനായി പൂജാരി കാണിപ്പൊന്ന് കൈമാറി. എന്നാൽ ഇയാൾ അത് തിരികെ നൽകാതെ സ്ഥലംവിട്ടെന്നാണ് ആരോപണം. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കാണിപ്പൊന്നുമായി പോയ ആൾ തിരിച്ചെത്തിച്ചു. വിഷുക്കൈനീട്ടം എന്ന് തെറ്റിദ്ധരിച്ച് കൊണ്ടുപോയി എന്നാണ് ഇയാൾ പറഞ്ഞത്. 

പന്തളം കൊട്ടാരം കുടുംബാംഗങ്ങൾക്ക് മാത്രമായി നൽകുന്ന ഈ കാണിപ്പൊന്ന്, ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന പ്രത്യേക തിരുവാഭരണത്തിന്റെ ഭാഗമാണ്. ദർശന സമയത്ത് വിശ്വാസികൾക്ക് കണികാണാൻ ഇതു നൽകുന്ന പതിവുണ്ട്. സംഭവത്തെ തുടർന്ന് ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.

പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ ദേവസ്വം ബോർഡിന് കൈമാറി ക്ഷേത്രത്തിൽ ചാർത്തുന്നതാണ് പതിവ്. ദർശനം രാവിലെ 9 മണിയോടെ അവസാനിച്ചതിന് ശേഷം തിരികെ കൊട്ടാരത്തിലേക്ക് മാറ്റുകയും ചെയ്യും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img