01:39am 09 July 2026
NEWS
മാതൃകാ സോളാർ ഗ്രാമം പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പഞ്ചായത്തുകൾ
08/07/2026  05:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മാതൃകാ സോളാർ ഗ്രാമം പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പഞ്ചായത്തുകൾ
HIGHLIGHTS

കൊച്ചിയിൽ ബ്രിക്സ് അന്താരാഷ്ട്ര വനിതാ ഉച്ചകോടിയിൽ നടന്ന മന്ത്രിതല പാനൽ ചർച്ച

കേന്ദ്ര സർക്കാരിന്റെ ‘പി.എം. സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന’ പദ്ധതിക്ക് കീഴിൽ മാതൃകാ സോളാർ ഗ്രാമമാകാൻ എറണാകുളം ജില്ലയിലെ മത്സരരംഗത്തുള്ള 8 പഞ്ചായത്തുകൾ അടുത്ത രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക ആവശ്യപ്പെട്ടു. 

ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. മാതൃകാ ഗ്രാമമായി തിരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തിന് സോളാർ ഊർജ പദ്ധതികൾ വിപുലീകരിക്കാൻ കേന്ദ്ര സർക്കാരിൽ നിന്ന് ഒരു കോടി രൂപയുടെ ധനസഹായം ലഭിക്കും.

​കുമ്പളങ്ങി, പൈപ്ര, മുളന്തുരുത്തി, ചിറ്റാറ്റുകര, കുഴുപ്പിള്ളി, ചോറ്റാനിക്കര, മണീട്, ഒക്കൽ എന്നീ പഞ്ചായത്തുകളാണ് ജില്ലയിൽ നിന്ന് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്. മാർച്ചിൽ തുടങ്ങി ആറുമാസം നീളുന്ന ഈ മത്സരകാലയളവിൽ നിലവിൽ 216 വീടുകളിൽ സോളാർ സ്ഥാപിച്ച് 742 കിലോവാട്ട് അധിക ഉത്പാദനം കൈവരിച്ച കുമ്പളങ്ങി പഞ്ചായത്താണ് ജില്ലയിൽ മുന്നിൽ.

​പദ്ധതിയുടെ ലക്ഷ്യം പൂർത്തീകരിക്കാൻ പഞ്ചായത്തുകൾ സ്വന്തം ഫണ്ടും പ്ലാൻ ഫണ്ടുകളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കളക്ടർ നിർദേശിച്ചു. ഗുണഭോക്താക്കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ സോളാർ വായ്പകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി ലീഡ് ബാങ്കുമായി സഹകരിച്ച്  ലോൺ മേളകൾ സംഘടിപ്പിക്കണം. വാർഡ് മെമ്പർമാർ വഴി പ്രാദേശികമായി വിപുലമായ ബോധവൽക്കരണം നടത്തണമെന്നും ലോൺ മേളകളിൽ ലഭിക്കുന്ന അപേക്ഷകളിൽ താമസമില്ലാതെ വായ്പകൾ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

പദ്ധതി നടപ്പിലാക്കുന്നതിൽ രാജ്യത്ത് എട്ടാം സ്ഥാനം നേടി നേരത്തെ ജില്ല കൈവരിച്ചിരുന്നു. 42,843 റൂഫ്‌ടോപ്പ് സോളാർ ഉപഭോക്താക്കളുടെ പങ്കാളിത്തത്തോടെ പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയതിന് കേന്ദ്ര ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രി പ്രഹ്ലാദ് ജോഷിയിൽ നിന്ന് ജില്ലയ്ക്കുള്ള പുരസ്കാരം ജൂൺ നാലിന് ന്യൂഡൽഹിയിൽ വെച്ച് ജില്ലാ കളക്ടർ ഏറ്റുവാങ്ങിയിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img