
പെരുമ്പാവൂർ: വർത്തമാന സമൂഹത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുവാൻ പരിശുദ്ധ ഖുർആനിൻറെ സന്ദേശം ഉൾക്കൊണ്ട് ജീവിക്കുകയും മഹാന്മാരായ സൂഫി വര്യന്മാരുടെ മാനവികതയുടെ പാത പിന്തുടരുകയും വേണമെന്ന് പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ഉദ്ബോധിപ്പിച്ചു. മലബാറിൽ ആലുവായി അബൂബക്കർ മുസ്ലിയാർ എന്ന പേരിൽ വിശ്രുതരായ മാടവന അബൂബക്കർ മുസ്ലിയാരുടെ 54 മത് ആണ്ട് നേർച്ചയോട് അനുബന്ധിച്ചുള്ള സമാപന ചടങ്ങുകളിൽ എത്തിച്ചേർന്ന് പ്രത്യേക പ്രാർത്ഥനക്കും സിയാറത്തിനും നേതൃത്വം നൽകുകയായിരുന്നു സയ്യിദ്ബഷീർ അലി തങ്ങൾ .
സമൂഹത്തിലെ നിരാലംബരായ സവിശേഷ കഴിവുകളുള്ള കുടുംബങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് നന്മയ്ക്ക് അധിഷ്ഠിതമായ ജീവകാരുണ്യ മതപ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന മാടവന അബൂബക്കർ മുസ്ലിയാർ ദർഗ ശരീഫിലെ ആണ്ടുതോറും നടത്തിവരുന്ന ഉറൂസ് രാജ്യത്തിന് ആകമാനം അനുകരണീയ മാതൃകയാണെന്നും ബഷീർ അലി തങ്ങൾ പറഞ്ഞു. ആലംബഹീനരെയും അശരണരെയും ഉലമാക്കളെയും ഉമറാക്കളെയും സമൂഹത്തിൻറെ നാനാ തുറകളിൽ ഉള്ളവരെ ഉൾചേർത്ത് പിടിക്കുന്നതിൽ മാടവന ആലുവായി അബൂബക്കർ മുസ്ലിയാർ സൂഫിവര്യൻ കാണിച്ച മാതൃക ചരിത്രരേഖയാണ്.
രാഷ്ട്രത്തിലെ പ്രമുഖരായ പണ്ഡിത ശ്രേഷ്ഠരുടെയും സാദാത്തീങ്ങളുടെയും ഏറ്റവും ഇഷ്ടവും ആദരവും അർപ്പിതമായ ജീവിതചര്യ ഉൾക്കൊണ്ട മഹാനാണ് അബൂബക്കർ മുസ്ലിയാർ എന്ന് പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ അനുസ്മരിച്ചു.
മാടവന അബൂബക്കർ മുസ്ലിയാർ അന്ത്യവിശ്രമം കൊള്ളുന്ന മുടിക്കൽ മാടവന ദർഗ ശരീഫിൽ പ്രത്യേക സിയാറത്തിനും പ്രാർത്ഥനക്കും നേതൃത്വം കൊടുത്ത ബഷീർ അലി ശിഹാബ് തങ്ങൾ മാടവന അബൂബക്കർ മുസ്ലിയാരുടെ പാരമ്പര്യ വസതിയിൽ എത്തി പൗത്രൻ എം എ മൻസൂർ ഹാജി മാടവന മറ്റു കുടുംബാംഗങ്ങളുമായി ഏറെ നേരം പ്രാർത്ഥനാപൂർവ്വം ചെലവഴിച്ചാണ് മടങ്ങിയത്.
മുടിക്കൽ ജമാഅത്ത് കമ്മിറ്റി ട്രഷററും പി കെ ഗ്രൂപ്പ് ചെയർമാനുമായ പി എച്ച് ഖാലിദ്, നൗഷാദ് അലി മാടവന ,റഫീഖ് അലി മാടവന, ആലുവായി മാടവന അബൂബക്കർ മുസ്ലിയാർ റിലീഫ് സെൽ ജനറൽ സെക്രട്ടറി കെ എം നാസർ അയിരൂർ പാടം , അൽ ബഹർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എംപി മൊയ്തീൻ കോട്ടക്കൽ, കെ കെ അബ്ദുല്ല ഇസ്ലാമിയ , കെ കെ അബ്ദുൽസലാം ഇസ്ലാമിയ , സാനിഫലി എന്നിവർ സംബന്ധിച്ചു.
Photo Courtesy - Google








