06:15pm 06 November 2026
NEWS
പാണക്കാട് മണ്ണിടിച്ചിൽ: സ്ഥലമുടമയുടെ കാര്യത്തിൽ ദുരൂഹത
14/08/2026  05:58 PM IST
നെല്ലിക്കുത്ത് ഹനീഫ
പാണക്കാട് മണ്ണിടിച്ചിൽ: സ്ഥലമുടമയുടെ കാര്യത്തിൽ ദുരൂഹത

വിസ്തൃതിയിലും, ഘടനയിലും ഒരുപക്ഷേ, സംസ്ഥാനത്ത് ഏറ്റവും വലിയ മലകളിലൊന്നാണ് മലപ്പുറത്തെ ഊരകം മല. സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് രണ്ടായിരം അടി ഉയരത്തിൽ ചെങ്കുത്തായി കിടക്കുന്ന ഊരകം മല ജൈവ വൈവിധ്യങ്ങളുടെ കലവറ കൂടിയാണ്. കരിങ്കല്ലും, ഉരുളൻ കല്ലുകളും, മണ്ണും ഇടകലർന്ന തരത്തിലാണ് ഊരകം മലയുടെ പ്രകൃതം. ഈ മലയിലും, താഴ്വാരത്തുമായി നൂറ് കണക്കിന് കുടുംബങ്ങളും താമസിക്കുന്നുണ്ട്. പ്രകൃതിയെ പരമാവധി ചൂഷണം ചെയ്ത് ഒട്ടനവധി കരിങ്കൽ ക്വാറികളാണ് ഊരകം മലയിൽ അനധികൃതമായി പ്രവർത്തിക്കുന്നത്. ചുരുക്കം എണ്ണം ക്വാറികൾ ലൈസൻസോട് കൂടി പ്രവർത്തിക്കുന്നുണ്ടെങ്കിൽ പോലും, അതാകട്ടെ ഒരു തരത്തിലുമുള്ള മാനദണ്ഡങ്ങളും പാലിക്കുന്നുമില്ല. നൂറ് കണക്കിന് കരിങ്കൽ ലോഡുകളാണ് ഊരകം മലയിൽ നിന്ന് ദിനംപ്രതി പുറം ജില്ലകളിലേക്ക് പോവുന്നത്. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പാറ കഷണങ്ങളാക്കി മാറ്റുന്ന ആധുനിക യന്ത്രങ്ങളാണ് ഇവിടുത്തെ ക്വാറികളിൽ ഉപയോഗിക്കുന്നതും. മല കേറിയും, ഇറങ്ങിയും ചീറിപ്പായുന്ന ടോറസ് ലോറികളുടെ അതിപ്രസരവും, പാറ പൊട്ടിക്കുന്നതിനുള്ള യന്ത്രങ്ങൾ മൂലമുള്ള പാരിസ്ഥിതികാഘാതവും പൊതുജനത്തെ ദുരിതത്തിലാക്കുന്നു. ഏറ്റവും ഒടുവിലായി ഊരകം മലയുടെ പ്രാന്തപ്രദേശമായ പാണക്കാട് പ്രദേശത്ത് വൻതോതിൽ മണ്ണിടിച്ചിലുണ്ടായി. ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാൻ കഴിയില്ല. ക്വാറി-ക്രഷർ മാഫിയാ മൂലം മലപ്പുറത്തെ ഒട്ടുമിക്ക മലകളും ഇന്ന് നാശത്തിന്റെ പാരമ്യത്തിലാണ്. പലതവണ ഇതിനെതിരെ ജനരോഷം ഉയർന്നതാണെങ്കിലും, അതെല്ലാം പാഴ്‌സ്വരം എന്ന മട്ടിലാണ് കാര്യങ്ങൾ. ഇപ്പോഴത്തെ മണ്ണിടിച്ചിലിന്റെ ഭാഗമായുള്ള ചർച്ചകൾ സജീവമാണ്. അത് രണ്ടാഴ്ചയോളം ഉണ്ടായെന്നിരിക്കും. ചർച്ചകൾ പിന്നീട് സ്വമേധയാ ഇല്ലാതാകും. പൂർവ്വാധികം ശക്തിയോടെ ഈ മലകൾ വീണ്ടും നശിപ്പിക്കൽ തുടരുകയും ചെയ്യും. 

പാണക്കാട്ടെ മണ്ണിടിച്ചിൽ

ഊരകം മലയുടെ ഭാഗമായ പാണക്കാട് പ്രദേശത്ത് ആയിരക്കണക്കിന് വാഹനങ്ങൾ ദിനേന കടന്ന് പോകുന്ന പരപ്പനങ്ങാടി-നാടുകാണി സംസ്ഥാന പാതയോട് ചേർന്നുള്ള കുന്നിലെ മണ്ണിടിഞ്ഞ് തൊട്ടടുത്തുള്ള കടലുണ്ടി പുഴയിൽ പതിക്കുകയായിരുന്നു. 2018-ൽ ഈ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അന്ന് ഈ മേഖലയിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ അധികൃതർ ഉത്തരവിട്ടിരുന്നതാണ്. പരിസ്ഥിതി ലോല മേഖലയായ ഇവിടെ അനധികൃതമായി ആയുർവ്വേദ റിസോർട്ട് പണിയുന്നതിനായി ഒരു ഉന്നതൻ വാങ്ങിച്ചതാണ് ഈ വസ്തു എന്നാണ് പറയപ്പെടുന്നത്. പരപ്പനങ്ങാടി-ചെട്ടിപ്പടി സ്വദേശി നൗഫൽ കടക്കാടൻ എന്ന വ്യക്തിയാണ് വസ്തുവിന്റെ ഉടമ. ഇയാളുമായി ബന്ധപ്പെട്ടും ഒട്ടേറെ ദുരൂഹതകളുമുണ്ട്. കുന്നിടിച്ച് മണ്ണെടുക്കുന്നതിനും, പാറ പൊട്ടിക്കുന്നതിനുമായി മലപ്പുറം നഗരസഭയ്ക്കും, ജിയോളജി വകുപ്പിനും ഇയാൾ സമർപ്പിച്ച അപേക്ഷയിലെ വിലാസങ്ങളിലും പ്രകടമായ വൈരുദ്ധ്യമുണ്ട്. എന്നിട്ടും മണ്ണെടുക്കാൻ അധികൃതർ അനുമതി നൽകി എന്നതിൽ അത്ഭുതമുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പാറ പൊട്ടിക്കുന്നതിന് ജിയോളജി വകുപ്പ് നൽകിയ അനുമതി ജൂൺ 19-നും, മണ്ണെടുക്കുന്നതിന് നഗരസഭ നൽകിയ അനുമതി ജൂൺ 20-നും അവസാനിച്ചതായി പിന്നീട് അധികൃതർ പറഞ്ഞു. പാറ പൊട്ടിക്കാൻ അനുമതി നൽകിയ ജിയോളജി വകുപ്പും, മണ്ണെടുക്കാൻ അനുമതി നൽകിയ നഗരസഭയും ബോധപൂർവ്വം വീഴ്ച വരുത്തിയതായും, നഗരസഭയുടേയും, ബന്ധപ്പെട്ട അധികാരികളുടേയും മൗനാനുവാദം മൂലമാണ് പാണക്കാട് മണ്ണിടിച്ചിൽ ഉണ്ടായതെന്നുമാണ് നാട്ടുകാർ പറയുന്നത്. ഇവിടെ ഒരുതരത്തിലുമുള്ള നിർമ്മാണ പ്രവർത്തികളും പാടില്ലെന്ന് അധികൃതർ നേരത്തെ വിലക്കിയതാണ്. എന്നാലിന്ന് കാര്യങ്ങൾ മാറി മറിഞ്ഞു. പെട്രോൾ പമ്പ്, ഹെൽത്ത് സെന്റർ തുടങ്ങി വിവിധ പദ്ധതികൾക്കായി ഒരുതരത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെ, 2024-ൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്‌പെഷ്യൽ ഉത്തരവിലൂടെയാണ് സ്ഥലമുടമയ്ക്ക് കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിയ്ക്കുന്നത്. മലപ്പുറം നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള അനധികൃത നിർമ്മാണം നടക്കുന്നതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയതുമാണ്.

സ്‌പെഷ്യൽ ഉത്തരവ് പ്രകാരം പെട്രോൾ പമ്പിന് വേണ്ടി നിർമ്മാണ പ്രവർത്തികൾ തുടർന്ന് കൊണ്ടിരിക്കുന്നിടത്ത് സ്‌ഫോടക വസ്തുക്കൾ ഒന്നും തന്നെ ഉപയോഗപ്പെടുത്താതെ പാറ പൊട്ടിക്കുന്നതിന് മാത്രമാണ് അനുമതി ഉണ്ടായിരുന്നത്. എന്നാൽ പാറ പൊട്ടിക്കുന്നതിനായി ശക്തമായ സ്‌ഫോടക വസ്തുക്കളാണ് ഇവിടെ ഉപയോഗിച്ചിരുന്നതെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ വാർഡ് മെമ്പർ, മലപ്പുറം നഗരസഭാ ചെയർ പേഴ്‌സനായ റിനിഷയാണ്. സ്വന്തം വാർഡിൽ സ്വകാര്യ വ്യക്തി അനധിതൃതമായി ജെ.സി.ബി ഉപയോഗിച്ച് വൻ തോതിൽ മണ്ണ് നീക്കം ചെയ്യുകയും, പാറ പൊട്ടിച്ച് നിർമ്മാണ പ്രവർത്തികൾ നടത്തിയിട്ടും ഒരു നടപടിയും എടുത്തില്ല എന്നിടത്ത് പല ചോദ്യങ്ങളും അവശേഷിക്കുന്നുണ്ട്. മണ്ണെടുക്കുന്ന കാര്യം അവരറിഞ്ഞില്ല എന്നാണ് ചെയർപേഴ്‌സൻ മാധ്യമങ്ങളോട് പറഞ്ഞത്. നഗരസഭ  അറിയാതെ ഇതൊക്കെ നടക്കുമോ എന്ന് ചോദിക്കുന്നവർ വിഡ്ഢികൾ. പാറ പൊട്ടിക്കാൻ അനുമതി നൽകിയത് ജിയോളജി വകുപ്പാണെന്നും, അതിൽ വീഴ്ച ഉണ്ടായിട്ടുണ്ട് എന്നുമാണ് ചെയർപേഴ്സൺ നൽകുന്ന വിശദീകരണവും. 

ദുരൂഹമായ നിർമ്മാണ പ്രവർത്തി

ഷോപ്പിംഗ് കോംപ്ലക്‌സ് പണിയാൻ വേണ്ടിയാണ് സ്ഥലയുടമ എന്നവകാശപ്പെടുന്ന നൗഫൽ നഗരസഭയോട് അനുമതി തേടിയിരുന്നത്. എന്നാലിവിടെ പ്രീമിയം ആയുർവ്വേദ റിസോർട്ടാണ് പണിയുന്നത് എന്നാണ് രേഖകളിൽ വ്യക്തമാക്കുന്നത്. 'തോട്ടശ്ശേരിയറ' എന്ന മറ്റൊരു അഡ്രസ്സിലും ഇതേ നൗഫൽ അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഇയാൾ കേരള രാഷ്ട്രീയത്തിലെ ഉന്നതന്റെ ബിനാമിയാണെന്നും പറയപ്പെടുന്നുണ്ട്. ഒരുവേള നിർമ്മാണ പ്രവർത്തികൾ നിർത്തിവയ്ക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടും രാഷ്ട്രീയ പിൻബലം ഉപയോഗിച്ച് നിർമ്മാണം തുടർന്ന് വരികയായിരുന്നുവത്രെ. ജെ.സി.ബി നിരന്തരം മണ്ണുമാന്തിക്കൂട്ടിയതോടെ, കുന്നിടിഞ്ഞ് വൻതോതിൽ മണ്ണ് റോഡിലേക്ക് പതിക്കുകയായിരുന്നു. ആളുകൾ രണ്ട് ഭാഗങ്ങളിലേക്കായി ഓടിയകന്നതിനാൽ വൻ ദുരന്തമാണ് ഇല്ലാതായത്. കാലത്ത് എട്ട് മണിയോടെ റോഡിലേക്ക് കുത്തനെയുള്ള ചെരിവിൽ നിന്ന് വൃക്ഷങ്ങളും, കല്ലും, മണ്ണും ഒന്നാകെ ഒലിച്ചിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് തടിച്ച് കൂടിയ നാട്ടുകാരും, മാധ്യമ പ്രവർത്തകരും മണ്ണും, കല്ലും കുത്തൊലിച്ച് വരുന്നത് കണ്ട്, ഓടി മാറുകയായിരുന്നു. ഗതാഗതം നിരോധിച്ചതും, പോലീസ് ആളുകളെ സുരക്ഷിത ഭാഗങ്ങളിലേക്ക് മാറ്റിയതും കാരണം ആളപായമുണ്ടായില്ല. മണ്ണ് കുത്തിയൊലിച്ച് വരുന്നത് കണ്ട് ഭയന്നോടുന്നതിനിടെ, മലപ്പുറം കൈരളി ടി.വി ക്യാമറമാൻ ജയേഷിന് പരുക്കേൽക്കുകയും, ക്യാമറയും അനുബന്ധ ഉപകരണങ്ങളും നശിക്കുകയും ചെയ്തു.
മണ്ണിടിച്ചിലിനെ തുടർന്ന് ഡി സാസ്റ്റർ മാനേജ്മെന്റ് ആക്ട് വകുപ്പ് 33, 34 എന്നിവ പ്രകാരം ഇവിടെ ഗതാഗത നിയന്ത്രണം തുടരുകയാണ്. മഴ ശക്തമാകുന്നതോടെ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമേ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കൂവെന്നും, മഴ മാറിയ ശേഷം പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുമെന്നും മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. റെഡ് അലർട്ടുള്ള ദിവസങ്ങളിൽ 24 മണിക്കൂറും, മറ്റ് ദിവസങ്ങളിൽ രാത്രി 07.00 മണി മുതൽ കാലത്ത് 06.00 മണിവരേയും ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. റോഡിലേക്ക് പതിച്ച കല്ലും, മണ്ണും, ചെളിയും പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ടെങ്കിലും, കുന്നിൻ മുകളിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. ശക്തമായ മഴ വർഷിച്ചാൽ വീണ്ടും മണ്ണിടിയാനുള്ള സാധ്യത ഉണ്ടെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഗതാഗത നിയന്ത്രണം തുടരുന്നത്. 

വരാനിരിക്കുന്ന ദുരന്തങ്ങൾ 

മലപ്പുറത്തെ ക്വാറി മാഫിയകൾക്കെതിരെ കാലങ്ങളായി പല ഘട്ടങ്ങളിലും ജനകീയ ശബ്ദം ഉയരാറുണ്ട്. അതെങ്ങും പരിഹരിക്കപ്പെടാറുമില്ല. ജില്ലയിലെ ചെരുപ്പടി മലയും, നിത്യ സന്ദർശകർ ഏറെയുള്ള അരിബ്ര മലയിലെ 'മിനിഊട്ടി' എന്നറിയപ്പെടുന്ന മനോഹരമായ പ്രദേശവും, പ്രകൃതിയുടെ ഉദ്യാനമായി വിശേഷിക്കപ്പെടുന്ന ഊരകം മലയും തീർത്തും നാശത്തിലാണിന്ന്. അന്യായമായി ഈ മലകൾ കയ്യാളുന്നത് ക്വാറി-ക്രഷർ ഉടമകളായ അഭിനവ വമ്പൻമാരാണ്. പലയിടത്തും രാപ്പകലില്ലാതെ 24 മണിക്കൂർ ചരക്ക് നീക്കം (കരിങ്കല്ല് കടത്ത്്) നടക്കുകയും ചെയ്യുന്നു. പ്രതിഷേധിക്കുന്നവരേയും, ഈ അനീതി ചോദ്യം ചെയ്യുന്നവരേയും പണം നൽകി നിശ്ശബ്ധരാക്കുന്നു. വഴങ്ങാത്തവരെ കായികമായി ഒതുക്കുന്നു. രാഷ്ട്രീയ കക്ഷി നേതാക്കൾ, റവന്യൂ ഉദ്യോഗസ്ഥർ, പോലീസുദ്യോഗസ്ഥർ, വാഹന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി, എണ്ണത്തിൽ ചുരുക്കം വരുന്നവരെ ഒഴിച്ച് നിർത്തിയാൽ, പിന്നീടെല്ലാവരും ക്വാറി മാഫിയാ കണ്ണികളാണ്. നിയമാനുസൃത രേഖകളും, ലൈസൻസുമില്ലാതെ ക്വാറികളുമായി ബന്ധപ്പെട്ട് നിരത്തിൽ ചീറിപ്പായുന്ന വാഹനങ്ങളും ഒട്ടേറെയുണ്ട്. ഉദ്യോഗസ്ഥർക്ക് ലഭിയ്ക്കുന്ന കൈമടക്ക് മുടക്കമില്ലാതെ ലഭിയ്ക്കുന്നതോടെ ഇതിനൊന്നും ഒരു തടസ്സവും നേരിടാറില്ല. 

മലപ്പുറത്തെ വിവിധ മലകളിലായി പ്രവർത്തിക്കുന്ന അനധികൃത ക്വാറി-ക്രഷർ മാഫിയകളടെ അധിനിവേശത്തെക്കുറിച്ച് മലപ്പുറം കലക്‌ട്രേറ്റിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, ജനപ്രതിനിധികളുടെ മേശപ്പുറത്തുമായി നിരവധി പരാതികൾ  എത്തിയതാണ്. അതെല്ലാം അവിടങ്ങളിൽ ഭദ്രമായി കിടക്കുന്നു. ഒരു നടപടിയും ഇന്നോളം ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം അരിമ്പ്ര മലയിൽ രണ്ട് ഭൂവുടമകളിൽ നിന്നായി പാട്ടത്തിനെടുത്ത സ്ഥലത്ത് പുതിയ കരിങ്കൽ ക്വാറിക്ക് അനുമതി ആവശ്യപ്പെട്ട് മാവൂർ-പാഴൂർ സ്വദേശി അബിൻ റഹ്മാൻ എന്ന വ്യക്തി അധികൃതരെ സമീപിച്ചിരുന്നു. ഇത് സംബന്ധിച്ച് ലാൻഡ് റീഫോംസ് ഡെപ്യൂട്ടി കലക്ടർ ജോസഫ് സ്റ്റീഫൻ റോയിയുടെ നേതൃത്വത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് സംഘടിപ്പിച്ച ഹിയറിങ്ങിൽ നൂറ് കണക്കിന് നാട്ടുകാരും, ജനപ്രതിനിധികളും പരാതി പ്രളയം തന്നെ ഉന്നയിച്ചു.'അരിമ്പ്ര മല സംരക്ഷണ സമിതി' കാലങ്ങളായി സമര പാതയിലാണ്. എന്നിട്ടും മല തുരക്കുന്നതിന് ഒരറുതിയുമില്ല. 'അരിമ്പ്ര മല സംരക്ഷണ സമിതി' യുടെ നേതൃ ത്വത്തിൽ മൊറയൂർ, വാലഞ്ചേരി ഭാഗങ്ങളിൽ നിന്നായി 300-ഓളം പേർ  പ്രകടനമായാണ് ഹിയറിംഗിനെത്തിയത്. പരിസ്ഥിതി ലോല പ്രദേശത്ത് ഖനന കേന്ദ്രം അനുവദിക്കരുത് എന്നായിരുന്നു ഹിയറിങ്ങിൽ പങ്കെടുത്ത നാട്ടുകാരെല്ലാം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്. ഈ മലകൾ പൊട്ടിത്തെറിച്ചോ, കുത്തി ഒലിച്ചോ താഴേക്ക് പതിച്ചാൽ മണ്ണിനടിയിലാകുന്നത് ഇവിടങ്ങളിൽ താമസിക്കുന്ന സാധാരണക്കാരായിരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനീറ പൊറ്റമ്മൽ, ഉപാധ്യക്ഷൻ ജലീൽ മുണ്ടോടൻ, പഞ്ചായത്തംഗങ്ങളായ എ പി. ഇബ്രാഹിം, ഇ ആലിപ്പ, എ.കെ  നവാസ്, ഹസൈനാർ ബാബു എന്നി വരാണ് നാട്ടുകാർക്ക് നേതൃത്വം നൽകിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img