
പാലിയേക്കരയിൽ ഇനി നാലാഴ്ച്ചത്തേക്ക് ടോൾ കൊടുക്കാതെ യാത്ര ചെയ്യും. പാലിയേക്കരയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. നാലാഴ്ചയ്ക്കുള്ളിൽ ദേശീയപാത അതോറിറ്റി ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെടുന്ന ഹർജികളിലാണ് ഹൈക്കോടതി ഉത്തരവ്. ദേശീയപാതയിൽ ഇടപ്പള്ളി-മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തിലാണ് തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടകണ്ടത്ത് തുടങ്ങിയവർ പാലിയേക്കരയിലെ ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കരാർപ്രകാരമുള്ള സൗകര്യങ്ങൾ നൽകാതെ ടോൾനിരക്ക് വർധിപ്പിക്കുന്നതിനെയടക്കമാണ് ഹർജിക്കാർ ചോദ്യം ചെയ്തിരുന്നത്.
ഏതാനും കിലോമീറ്റർ മാത്രമാണ് ഗതാഗതക്കുരുക്കുള്ളതെന്നും ഇവിടെ സർവീസ് റോഡിലൂടെ ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണെന്നും ദേശീയപാത അതോറിറ്റിക്കായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ അറിയിച്ചു. ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകുന്നുണ്ടെന്ന് സർക്കാരിനായി ഹാജരായ സ്റ്റേറ്റ് അറ്റോർണി എൻ. മനോജ് കുമാറും വിശദീകരിച്ചു.
എന്നാൽ, ഗതാഗതക്കുരുക്കിന് ഇപ്പോഴും പരിഹാരമായിട്ടില്ലെന്ന് ഹർജിക്കാർ ബോധിപ്പിച്ചു. തുടർന്ന് ഹർജികൾ ഉത്തരവിനായി മാറ്റിയിരിക്കുകയായിരുന്നു.











