
ന്യൂഡൽഹി: തകർന്ന റോഡുകൾക്ക് ടോൾ പിരിക്കുന്നതിനെതിരെ ദേശീയപാത അതോറിറ്റിയെ (NHAI) രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. റോഡിന്റെ മോശം അവസ്ഥ നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു. ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതിയുടെ തീരുമാനത്തിൽ ഇടപെടില്ലെന്ന സൂചനയും കോടതി നൽകി.
മോശം റോഡിനും ഗതാഗതക്കുരുക്കിനും ടോൾ പിരിക്കുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ച് ചോദിച്ചു. റോഡിൽ വലിയ ഗതാഗതക്കുരുക്കാണ്, ആംബുലൻസിന് പോലും പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് NHAI സുപ്രീം കോടതിയെ സമീപിച്ചത്. അപ്പീൽ നൽകി സമയം കളയുന്നതിന് പകരം റോഡ് നന്നാക്കാൻ കോടതി NHAI-യോട് നിർദേശിച്ചു.
ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് ജസ്റ്റിസ് വിനോദ് ചന്ദ്രനും സംസാരിച്ചു. പാലിയേക്കരയിലെ സർവീസ് റോഡുകളുടെ അവസ്ഥയും പരിതാപകരമാണ്. ഗതാഗതക്കുരുക്ക് കാരണം സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്ത വ്യവസായിയുടെ സംഭവം അദ്ദേഹം ഓർമ്മിപ്പിച്ചു.
65 കിലോമീറ്റർ റോഡിൽ 2.85 കിലോമീറ്ററിൽ മാത്രമാണ് പ്രശ്നമെന്ന് NHAI കോടതിയെ അറിയിച്ചു. കവലകളിൽ പാലങ്ങളും അടിപ്പാതകളും നിർമ്മിക്കുന്നതിനാലാണ് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതെന്നും NHAI വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ NHAI യും കരാർ കമ്പനിയും അപ്പീൽ നൽകിയതിനാൽ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി.











