
ജറുസലം: കിഴക്കൻ ജറുസലേമിലെ സിൽവാൻ മേഖലയിൽ അനിശ്ചിതത്വവും ആശങ്കയും വർധിക്കുന്നു. അൽ അഖ്സ പള്ളിയുടെ തെക്കുഭാഗത്തുള്ള ഈ പ്രദേശത്ത് ഇസ്രയേൽ കുടിയേറ്റം ശക്തമാകുകയാണ്. ഇവിടെ താമസിക്കുന്ന പലസ്തീൻ കുടുംബങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ അധികൃതർ നോട്ടിസ് നൽകി.
പ്രദേശത്ത് കുടിയേറ്റക്കാർ നിർമിച്ച നാൽപതോളം കെട്ടിടങ്ങളിൽ ഇസ്രയേൽ പതാകകൾ ഉയർത്തിയിട്ടുണ്ട്. സിൽവാനിന്റെ മറ്റു ഭാഗങ്ങൾ നേരത്തേ തന്നെ കുടിയേറ്റക്കാർ കൈവശപ്പെടുത്തിയതിനാൽ, ബാക്കിയുള്ള പ്രദേശങ്ങളും നഷ്ടപ്പെടുമോയെന്ന ഭീതിയിലാണ് ഇപ്പോൾ നാട്ടുകാർ.
കുടിയേറ്റക്കാർക്ക് ഭൂമി വിൽക്കാൻ തയ്യാറാകാതിരുന്നതിന് പിന്നാലെയാണ് 32 പലസ്തീൻ കുടുംബങ്ങൾക്ക് ഒഴിപ്പിക്കൽ നോട്ടിസ് ലഭിച്ചത്. തലമുറകളായി താമസിച്ചുവന്ന വീടുകൾ വിട്ടുപോകേണ്ടിവരുമെന്ന ഭയത്തിലാണ് പലസ്തീനികൾ. കിഴക്കൻ ജറുസലത്തിലെ ഭൂവകാശവും കുടിയേറ്റ നയങ്ങളും സംബന്ധിച്ച പഴയ തർക്കങ്ങളെ വീണ്ടും സജീവമാക്കുകയാണ് ഇസ്രയേലിന്റെ പുതിയ നീക്കം.











