
ദോഹ: ഫലസ്തീനിലെ മാധ്യമപ്രവർത്തകർ നേരിടുന്ന ക്രൂരമായ അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഖത്തർ പ്രസ് സെന്റർ (ക്യു.പി.സി). അവർക്ക് അടിയന്തര സംരക്ഷണം ഉറപ്പാക്കാൻ അന്താരാഷ്ട്ര-പ്രാദേശിക തലങ്ങളിൽ ശക്തമായ ഇടപെടൽ വേണമെന്ന് ഖത്തർ പ്രസ് സെന്റർ ആവശ്യപ്പെട്ടു.
മെയ് 11-ന് ആചരിച്ച ഫലസ്തീൻ മാധ്യമപ്രവർത്തകരോടുള്ള അന്താരാഷ്ട്ര ഐക്യദാർഢ്യ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഖത്തർ പ്രസ് സെന്റർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.നേരിട്ടുള്ള ആക്രമണങ്ങൾ, വേട്ടയാടൽ, നിയന്ത്രണങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ തകർക്കൽ എന്നിവയ്ക്കിടയിലും സത്യം പുറംലോകത്തെത്തിക്കാൻ ശ്രമിക്കുന്ന ഫലസ്തീൻ മാധ്യമപ്രവർത്തകർക്ക് ക്യു.പി.സി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഫലസ്തീനിലെ മാധ്യമപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തകർക്ക് ലോകത്ത് ഏറ്റവും അപകടകരമായ മേഖലയായി ഫലസ്തീൻ മാറിയിരിക്കുകയാണ്.യുണിവേഴ്സൽ ഡിക്ലറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ്, ജനീവ കൺവെൻഷൻ എന്നിവയുടെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം.മാധ്യമപ്രവർത്തകൻ മുഹമ്മദ് അറബ് ഉൾപ്പെടെയുള്ള എല്ലാ തടവിലാക്കപ്പെട്ട മാധ്യമപ്രവർത്തകരെയും ഉടനടി മോചിപ്പിക്കണമെന്ന് ഖത്തർ പ്രസ് സെന്റർ ആവശ്യപ്പെട്ടു.ഗസ്സയിലെ ഇസ്രായേൽ യുദ്ധത്തിനിടയിൽ 38 സ്ത്രീകൾ ഉൾപ്പെടെ 262 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായും, 22 സ്ത്രീകൾ ഉൾപ്പെടെ 45 മാധ്യമപ്രവർത്തകർ ഇപ്പോഴും തടവിലാണെന്നും ക്യു.പി.സി അറിയിച്ചു.
ഗസ്സയിലെ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാനും മാധ്യമപ്രവർത്തകർക്ക് സുരക്ഷിതമായി തങ്ങളുടെ തൊഴിൽ നിർവഹിക്കാനുമുള്ള സാഹചര്യം ഒരുക്കാൻ ശക്തമായ അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്തണമെന്ന് ഖത്തർ പ്രസ് സെന്റർ ആഹ്വാനം ചെയ്തു.










