08:59pm 07 November 2026
NEWS
പാർട്ടി സസ്‌പെൻഡ് ചെയ്ത നേതാവിനെ സ്റ്റാഫിൽ ഉൾപ്പെടുത്തണം; നിയമസഭാ സെക്രട്ടറിക്ക് കത്തുമായി രമ്യാ ഹരിദാസ്
07/09/2026  06:58 PM IST
nila
പാർട്ടി സസ്‌പെൻഡ് ചെയ്ത നേതാവിനെ സ്റ്റാഫിൽ ഉൾപ്പെടുത്തണം; നിയമസഭാ സെക്രട്ടറിക്ക് കത്തുമായി രമ്യാ ഹരിദാസ്

തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പാർട്ടി സസ്‌പെൻഡ് ചെയ്ത പാളയം പ്രദീപിനെ തന്റെ അഡീഷണൽ പേഴ്‌സണൽ അസിസ്റ്റന്റായി നിയമിക്കണമെന്നാവശ്യപ്പെട്ട് രമ്യാ ഹരിദാസ് എംഎൽഎ. ഇതുസംബന്ധിച്ച് നിയമസഭാ സെക്രട്ടറിക്ക് രമ്യ ഇന്ന് രാവിലെ കത്ത് നൽകി. മുൻകാല പ്രാബല്യത്തോടെ നിയമനം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രമ്യാ ഹരിദാസിന്റെ പി.എ.യാണ് കത്ത് നിയമസഭാ സെക്രട്ടറിക്ക് കൈമാറിയത്.

ചിറയിൻകീഴിലെ സംഘർഷവുമായി ബന്ധപ്പെട്ട് കെ.പി.സി.സി. അംഗം പാളയം പ്രദീപിനെയും ബ്ലോക്ക് ജനറൽ സെക്രട്ടറി സജാദിനെയും കോൺഗ്രസ് കഴിഞ്ഞ ദിവസമാണ് സസ്‌പെൻഡ് ചെയ്തത്. പാർട്ടി അച്ചടക്കലംഘനവുമായി ബന്ധപ്പെട്ട് എം.എം. ഹസന്റെ നേതൃത്വത്തിലുള്ള സമിതി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഗുരുതരമായ അച്ചടക്കലംഘനമാണ് ഇരുവിഭാഗവും നടത്തിയതെന്നാണ് സമിതിയുടെ കണ്ടെത്തൽ. പ്രവർത്തകരെ ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകേണ്ട എംഎൽഎ അടക്കമുള്ളവർ ഇതിന് വിരുദ്ധമായി പ്രവർത്തിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടതാണ് സജാദിനെതിരായ നടപടിക്ക് കാരണം. പാലക്കാട്ടുകാരനായ പാളയം പ്രദീപ് ചിറയിൻകീഴിലെ പാർട്ടി, ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കുന്നത് അനുചിതമാണെന്നും അനധികൃത ഇടപെടലുകൾ നടത്തി സംഘർഷത്തിന് കാരണക്കാരനായെന്നുമാണ് സമിതിയുടെ വിലയിരുത്തൽ.

എല്ലാവരുടെയും വിശദീകരണം കേട്ട ശേഷമാണ് നടപടി സ്വീകരിച്ചതെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. എന്നാൽ പ്രദീപ് വിശദീകരണം നൽകാൻ ഹാജരായിരുന്നില്ല. പ്രദീപിന്റെ ഇടപെടലിനെതിരെ പ്രാദേശിക നേതാക്കൾ സമിതിക്ക് മുന്നിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

അതേസമയം, രമ്യാ ഹരിദാസിനെതിരെ വിഭാഗീയ പ്രവർത്തനം നടത്തുന്നതായി പ്രദീപിനെ അനുകൂലിക്കുന്ന വിഭാഗവും ആരോപണം ഉന്നയിച്ചിരുന്നു. പാർട്ടി നടപടി നേരിട്ട നേതാവിനെ തന്നെ എംഎൽഎയുടെ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള നീക്കം പുതിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചേക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img