
തിരുവനന്തപുരം: സ്ത്രീകളുടെ സാമൂഹിക ഇടപെടലുമായി ബന്ധപ്പെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശങ്ങൾക്ക് മറുപടിയുമായി പാളയം ഇമാം വി.പി. സുഹൈബ് മൗലവി. ഇസ്ലാമിൽ ലിംഗവിവേചനത്തിന് സ്ഥാനമില്ലെന്നും സ്ത്രീകൾ പൊതുസമൂഹത്തിൽ നിന്ന് മാറിനിൽക്കണമെന്ന് മതം നിർദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകൾക്ക് മേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നും ആവശ്യമായ ജാഗ്രതയും സൂക്ഷ്മതയും പാലിച്ച് അവർക്ക് സമൂഹത്തിൽ സജീവമായി ഇടപെടാമെന്നും പാളയം ഇമാം പറഞ്ഞു. സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തം ഇസ്ലാമികമായി അനുവദനീയമാണെന്നതിന് സ്വഹാബിമാരുടെ കാലത്തെ ചരിത്രം തന്നെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വഹാബിമാരുടെ കാലത്ത് സ്ത്രീകൾ വിവിധ മേഖലകളിൽ സജീവമായി ഇടപെട്ടിരുന്നുവെന്നും അവരുടെ സാന്നിധ്യവും പങ്കാളിത്തവും ഇസ്ലാമിക പാരമ്പര്യത്തിന്റെ ഭാഗമായിരുന്നുവെന്നും സുഹൈബ് മൗലവി പറഞ്ഞു. പിന്നീട് രൂപപ്പെട്ട ചില യാഥാസ്ഥിതിക കൂട്ടായ്മകളാണ് സ്ത്രീകൾക്ക് മേൽ കൂടുതൽ വിലക്കുകളും നിയന്ത്രണങ്ങളും കൊണ്ടുവന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, സ്ത്രീകളുടെ പൊതുപങ്കാളിത്തവുമായി ബന്ധപ്പെട്ട കാന്തപുരത്തിന്റെ പരാമർശങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമാകുകയാണ്. സമുദായത്തിനുള്ളിൽ തന്നെ കാന്തപുരത്തിന്റെ നിലപാടിനോട് വിയോജിപ്പുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കി. മുജാഹിദ് സംഘടനയായ ഐ.എസ്.എമ്മും കാന്തപുരത്തിനെതിരെ രംഗത്തെത്തി.
കാന്തപുരത്തിന്റെ പരാമർശങ്ങൾ സ്ത്രീകളെ പിന്നോട്ടടിപ്പിക്കുന്നതാണെന്ന് സി.പി.എം. നേതാവ് എൻ. ഷംസീറും വിമർശിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന ലിംഗസമത്വം അംഗീകരിക്കാൻ കാന്തപുരം തയ്യാറാകണമെന്നും ഷംസീർ ആവശ്യപ്പെട്ടു.











