09:56am 21 July 2024
NEWS
വിജയഫോര്‍മുല തേടി കോൺഗ്രസ്
പാലക്കാട് രാഹുൽ മാങ്കൂട്ടമോ ?

14/06/2024  04:24 AM IST
News Bureau
പാലക്കാടൻ കാറ്റ് എങ്ങോട്ട് വീശും ?
HIGHLIGHTS

പാലക്കാട് എം.എൽ.എ. ഷാഫി പറമ്പിൽ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ അവിടെ ബൈ ഇലക്ഷൻ ഉറപ്പാണ്. എന്നാൽ പാലക്കാട് ജില്ലയ്ക്കകത്ത് നിന്നും മികച്ചൊരുസ്ഥാനാര്‍ത്ഥിയെ അടുത്ത ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ അവര്‍ക്ക് സാധിക്കുന്നില്ല

തിരുവനന്തപുരം : വിജയത്തിൽ കുറഞ്ഞൊന്നും ആഗ്രഹിക്കുന്നില്ല കോൺഗ്രസ്. തുടര്‍ച്ചയായി മൂന്ന് തവണ കേന്ദ്രത്തിൽ പ്രതിപക്ഷബെഞ്ചിലാണ് അവര്‍ ഇരിക്കുന്നത്. കേരളത്തിലും രണ്ട് ടേം പ്രതിപക്ഷത്ത്. ഇനി ഒരിക്കൽ കൂടി അവര്‍ക്ക് അതുൾക്കൊള്ളാനാകില്ല. ഇത് പാര്‍ട്ടിയുടേയും യു.ഡി.എഫിന്റേയും നിലനിൽപ്പിന്റെ പ്രശ്നമാണ്. ഈ സാഹചര്യത്തിൽ ആസന്നമായ നിയമസഭ ഉപതിരഞ്ഞെടുപ്പുകളിലും അടുത്തകൊല്ലം നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിലും പരമാവധി സീറ്റുകൾ നേടി അടുത്ത ടേം സംസ്ഥാനഭരണം പിടിക്കാനാണ് കോൺഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്. സംസ്ഥാനസര്‍ക്കാരിനെതിരായ ജനവികാരം ആളിക്കത്തിച്ച് ലക്ഷ്യം നേടാനാകുമെന്നും അവര്‍ കരുതുന്നു. എന്നാൽ പലയിടങ്ങളിലും മികച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതും പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങൾ പരിഹരിക്കുന്നതും അവര്‍ക്ക് തലവേദന തന്നെയാണ്.

          പാലക്കാട് എം.എൽ.എ. ഷാഫി പറമ്പിൽ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ അവിടെ ബൈ ഇലക്ഷൻ ഉറപ്പാണ്. എന്നാൽ പാലക്കാട് ജില്ലയ്ക്കകത്ത് നിന്നും മികച്ചൊരുസ്ഥാനാര്‍ത്ഥിയെ അടുത്ത ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ അവര്‍ക്ക് സാധിക്കുന്നില്ല. തൃത്താല എം.എൽ.എ. ആയിരുന്ന ബി.ടി. ബൽറാം മികച്ചൊരു ഓപ്ഷനാണ്. എന്നാൽ ബൽറാമിനെതിരെ പാളയത്തിൽ പട സജീവമാണ്. നിഷ്പക്ഷവും സ്വതതന്ത്രവുമായ നിലപാടുകൾ കൈക്കൊള്ളുന്ന ബൽറാമിനോട് പാര്‍ട്ടിയിലെ ഉന്നതരിൽ ചിലര്‍ക്കും അത്ര താത്പര്യം പോര. ഈ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസിന്റെ ജ്വലിക്കുന്ന മുഖമായ രാഹുൽ മാങ്കൂട്ടത്തിലിനെ പരീക്ഷിക്കാനാണ് പാര്‍ട്ടി നീക്കമെന്ന് അറിയുന്നു. രാഹുലിന്റെ തട്ടകം പത്തനംതിട്ടയാണ്. പക്ഷേ, ഏത് നാട്ടിൽ കൊണ്ടിട്ടാലും അവിടെ കസറാനും ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കത്തിക്കയറാനും രാഹുലിന് സാധിക്കും എന്നത് ഗുണകരമായി പാര്‍ട്ടി നേതാക്കൾ വിലയിരുത്തുന്നുണ്ട്. അതേസമയം, പാലക്കാട്ടെ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം രാഹുൽ കെട്ടിയിറക്കപ്പെട്ട സ്ഥാനാര്‍ത്ഥി ആയേക്കാം. ആലത്തൂരില്‍ രമ്യാഹരിദാസിന് പാര വെയ്ക്കാൻ ഇറങ്ങിത്തിരിച്ചവരും വിമതൻമാരുമൊക്കെ രാഹുലിനെതിരെയും തിരിഞ്ഞേക്കാം.

          തനിക്ക് പ്രതികൂലമായി മാറിയേക്കാവുന്ന കാര്യങ്ങൾ മറ്റാരെക്കാളും നന്നായി രാഹുൽ തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിൽ കാര്യങ്ങൾ നന്നായി വിലയിരുത്തിയ ശേഷം മുന്നോട്ട് പോകാനാണ് രാഹുലിന്റെ തീരുമാനം. അതേസമയം, പാലക്കാട്ടേയ്ക്ക് പുറപ്പെടാൻ പെട്ടിയും കിടക്കയും തയ്യാറാക്കിക്കോളൂ എന്ന് രാഹുലിനോട് ഒരു മുതിര്‍ന്ന നേതാവ് ആവശ്യപ്പെട്ടതായാണ് വിവരം. ഇനി വരുന്ന തിരഞ്ഞെടുപ്പുകളിൽ പലയിടങ്ങളിലും കെട്ടിയിറക്കപ്പെട്ട സ്ഥാനാര്‍ത്ഥികളെ ഇറക്കി പരീക്ഷിക്കാൻ തന്നെയാണ് കോൺഗ്രസിന്റെ നീക്കമത്രേ. വിജയസാദ്ധ്യത ഉണ്ടെങ്കിൽ ആരെയും എവിടെയും പരീക്ഷിക്കാം എന്നതാണ് പാര്‍ട്ടി നിലപാട്. സംസ്ഥാനസര്‍ക്കാരിനെതിരെ ജനവികാരം ശക്തമാണെന്നും അത് തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമാകുമെന്നും അവര്‍ പ്രത്യാശിക്കുന്നു. അതേസമയം, പാലക്കേട്ടേയ്ക്ക് ഇല്ലെന്ന നിലപാട് രാഹുൽ കടുപ്പിച്ചാൽ മറ്റുചില പരീക്ഷണങ്ങളും അണിയറയിൽ പുരോഗമിക്കുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA