02:15am 06 November 2026
NEWS
പാലക്കാടൻ പോര് കടുക്കും
കുളംകലക്കാൻ വാര്യര്‍ റെഡി !

27/01/2025  07:41 AM IST
News Bureau
‘മിനി’ മായാജാലം!
HIGHLIGHTS

ബി.ജെ.പിയിൽ നിന്നും തെറ്റിപ്പിരിഞ്ഞ് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരെ മുൻനിര്‍ത്തി കളികൾ നിയന്ത്രിക്കാനാണ് ഇപ്പോഴത്തെ നീക്കം 

പാലക്കാട് : അങ്ങിനെ അയാളും ഭാര്യയും മാത്രം ചേര്‍ന്ന് കാര്യങ്ങൾ തീരുമാനിക്കേണ്ട. ഇവിടെ ഞങ്ങൾ കുറച്ചുപേര്‍ പ്രവര്‍ത്തകരായുണ്ട്. പാര്‍ട്ടിക്ക് വേണ്ടി ത്യാഗങ്ങൾ അനുഭവിച്ച നിരവധിപേര്‍ വേറെ. അവരെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോയിട്ട് കാര്യമില്ല. ഇങ്ങിനെ പോയാൽ നിലനിൽക്കാൻ ബുദ്ധിമുട്ടാണ് – പാലക്കാട് നഗരസഭയിലെ ബി.ജെ.പി. വിമതകൗൺസിലര്‍മാരുടെ ഭാഷ്യമാണിത്. ഇതിൽ ഒൻപത് പേര്‍ ഇന്ന് രാജിവെയ്ക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് പ്രശാന്ത് ശിവനെ ബി.ജെ.പി. ജില്ലാപ്രസിഡന്റ് ആക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് വിമതൻമാര്‍‌ ഒത്തൊരുമിച്ചത്. പാലക്കാട്ടെ മുതിര്‍ന്ന ബി.ജെ.പി. നേതാവ് സി. കൃഷ്ണകുമാറിന്റെ ബെനാമിയാണ് പ്രശാന്ത് എന്നാണ് ആക്ഷേപം. കൃഷ്ണകുമാറും ഭാര്യ മിനിയും (കൗൺസിലര്‍) ചേര്‍ന്നാണ് കാര്യങ്ങൾ അട്ടിമറിക്കുന്നതെന്നാണ് ആക്ഷേപം, 
          നിലവിൽ ബി.ജെ.പിക്ക് 28 കൗൺസിലര്‍‌മാരാണ് നഗരസഭയിൽ ഉള്ളത്. ഇതിൽ ഒൻപത് പേര്‍ പുറത്തായാൽ അവരെ കോൺഗ്രസ് പാളയത്തിൽ എത്തിച്ച് അധികാരം പിടിക്കുന്ന തരത്തിൽ രാഷ്ട്രീയസമവാക്യങ്ങൾ മാറ്റാനാണ് കോൺഗ്രസിന്റെ ശ്രമം (എന്നാൽ അതത്ര എളുപ്പമല്ല). ബി.ജെ.പിയിൽ നിന്നും തെറ്റിപ്പിരിഞ്ഞ് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരെ മുൻനിര്‍ത്തി കളികൾ നിയന്ത്രിക്കാനാണ് ഇപ്പോഴത്തെ നീക്കം. അതേസമയം, തിരഞ്ഞെടുപ്പിന് ഇനി ശേഷിക്കുന്നത് ഏതാനും മാസങ്ങൾ മാത്രമാണ്. ഇത് മുന്നിൽ കണ്ട് ചില അണ്ടര്‍ഗ്രൗണ്ട് ഓപ്പറേഷൻസ് നടത്താനുള്ള നീക്കവും വിമതൻമാര്‍ നടത്തുന്നുണ്ടത്രേ. ഏതായാലും സന്ദീപ് ഫാക്ടര്‍ വര്‍ക്കായാൽ 2026ൽ പാലക്കാട് നഗരസഭ തങ്ങൾക്ക് പിടിക്കാനാകുമെന്നാണ് ജില്ലാകോൺഗ്രസ് നേതൃത്വം കരുതുന്നത്. ഏതായാലും പാലക്കാട്ടെ സ്ഥിതിഗതികൾ ബി.ജെ.പി. സംസ്ഥാനനേതൃത്വം വിചാരിക്കുന്നതിനപ്പുറത്തേയ്ക്ക് കലങ്ങി മറിയുകയാണ്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img