
പാലക്കാട് പുതുപ്പരിയാരത്ത് ഭർത്തൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവും സ്ത്രീസുഹൃത്തും അറസ്റ്റിൽ. കല്ലടിക്കോട് കണക്കപ്പാടം വീട്ടിൽ റിൻസിയ (22)യുടെ മരണത്തിലാണ് ഭർത്താവ് പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് താഴേമുരളി ഷാജിത മൻസിലിൽ ഷഫീസ് (32), ഇയാളുടെ സ്ത്രീസുഹൃത്ത് പിരായിരി ആലക്കൽപറമ്പ് ചുങ്കം ജംസീന (33) എന്നിവരെ ഹേമാംബികനഗർ പോലീസ് അറസ്റ്റുചെയ്തത്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് റിൻസിയയെ ലക്ഷംവീട്ടിലുള്ള ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് കുറേനാളായി ഭർത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്നു യുവതി. മൂന്നുമാസംമുൻപാണ് റിൻസിയ വീട്ടിൽ മടങ്ങിയെത്തിയത്. റിൻസിയയും ഷെഫീസും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടാകാറുണ്ടെന്നും കുടുംബപ്രശ്‌നങ്ങളുണ്ടെന്നും കാണിച്ച് റിൻസിയയുടെ വീട്ടുകാർ ഹേമാംബികനഗർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, പോലീസ് നടത്തിയ അന്വേഷണത്തിൽ ഷഫീസിന് മറ്റൊരുസ്ത്രീയുമായി അടുപ്പമുണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു. ഷഫീസ് റിൻസിയയെ ഒഴിവാക്കാൻ ശ്രമം നടത്തിയിരുന്നതായും ജംസീന ഫോണിലൂടെ നിരന്തരമായി റിൻസിയയെ ഭീഷണിപ്പെടുത്തിയിരുന്നതായും കണ്ടെത്തി.
അഞ്ചുവർഷംമുൻപായിരുന്നു ഷഫീസിന്റെയും റിൻസിയയുടെയും വിവാഹം. ഇവർക്ക് മൂന്നുവയസ്സുള്ള കുഞ്ഞുണ്ട്. ഇതിനിടയിലാണ് ജംസീനയുമായി ഷഫീസ് അടുപ്പത്തിലാകുന്നത്. ഇതിന്റെ പേരിൽ ഷഫീസും റിൻസിയയും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന റിപ്പോർട്ടുകളുമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്‌ചെയ്തു.











