
തിരുവനന്തപുരം: വൈകുന്നേരങ്ങളിൽ പാലക്കാട് മുതൽ തിരുവനന്തപുരം വരെ നേരിട്ടുള്ള ട്രെയിൻ സർവീസ് ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നതായി പരാതി ശക്തമാകുന്നു. വൈകീട്ട് 4.05ന് പുറപ്പെടുന്ന പാലരുവി എക്സ്പ്രസ് കൊല്ലത്ത് നിന്ന് ചെങ്കോട്ടയിലേക്ക് തിരിയുന്നതിനാൽ തിരുവനന്തപുരത്തേക്കുള്ള യാത്ര പാതിവഴിയിൽ അവസാനിപ്പിക്കേണ്ട അവസ്ഥയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ്, ശ്രീചിത്തിര, ആർസിസി തുടങ്ങിയ ആശുപത്രികളിലേക്ക് ചികിത്സയ്ക്കായി പോകുന്നവരടക്കമുള്ളവർക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് യാത്രക്കാരുടെ ആരോപണം.
നിലവിൽ ഉച്ചയ്ക്ക് 1.55ന് പാലക്കാട് നിന്ന് പുറപ്പെടുന്ന കേരള എക്സ്പ്രസിന് ശേഷം തിരുവനന്തപുരത്തേക്കുള്ള അടുത്ത പ്രധാന സർവീസ് അമൃത എക്സ്പ്രസാണ്. എന്നാൽ രമേശ്വരത്തേക്ക് നീട്ടിയതോടെ അമൃതയിൽ യാത്ര ചെയ്യുന്നതും പ്രയാസകരമായിരിക്കുകയാണ്. വൈകീട്ട് 4.05ന് പുറപ്പെടുന്ന പാലരുവിയുടെ സമയവും വിദ്യാർഥികൾക്കും ജീവനക്കാർക്കും ഏറെ പ്രയോജനപ്പെടുന്നില്ല. തൃശൂരിൽ നിന്ന് തെക്കൻ ജില്ലകളിലേക്ക് വൈകുന്നേര സമയങ്ങളിൽ യാത്ര ചെയ്യാൻ നിലവിൽ മതിയായ സൗകര്യങ്ങളില്ലെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
എറണാകുളത്ത് നിന്ന് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് വൈകുന്നേര-രാത്രി സമയങ്ങളിൽ സർവീസ് കുറവായതും വലിയ പ്രശ്നമാണ്. വൈകീട്ട് 5.20ന് വേണാട് എക്സ്പ്രസ് പോയാൽ പിന്നീട് മണിക്കൂറുകളോളം അടുത്ത ട്രെയിനിനായി കാത്തിരിക്കേണ്ടിവരുന്നു. നിലമ്പൂർ–കോട്ടയം എക്സ്പ്രസ് കൊല്ലത്തേക്ക് നീട്ടണമെന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല.
ഈ സാഹചര്യത്തിൽ പാലക്കാട്–തിരുവനന്തപുരം പുതിയ ഇന്റർസിറ്റി സർവീസ് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ സംഘടനകളുടെ ആവശ്യം. വൈകീട്ട് 5.30ന് പാലക്കാട് നിന്ന് പുറപ്പെട്ട് എറണാകുളം, കോട്ടയം, കൊല്ലം വഴി പുലർച്ചെ 1 മണിയോടെ തിരുവനന്തപുരം സെൻട്രലിൽ എത്തുന്ന രീതിയിലാണ് നിർദേശം. തിരിച്ചായി തിരുവനന്തപുരം നിന്ന് പുലർച്ചെ 2.30ന് പുറപ്പെട്ട് രാവിലെ 10 മണിക്കകം പാലക്കാട് എത്തുന്ന സർവീസും വേണമെന്നാണ് ആവശ്യം.
ബഹുദൂര ട്രെയിനുകൾ കടന്നുപോകുന്നുണ്ടെങ്കിലും ആവശ്യസമയങ്ങളിൽ സർവീസുകൾ ലഭ്യമല്ലാത്തതിനാൽ പാലക്കാട് മേഖലയിലെ യാത്രക്കാർ അവഗണന നേരിടുകയാണെന്നാണ് ആക്ഷേപം. എറണാകുളം–പാലക്കാട് റൂട്ടിൽ കൂടുതൽ സ്റ്റോപ്പുകളുള്ള ഇന്റർസിറ്റി ട്രെയിനിനുള്ള ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്.










