
പാലക്കാട് കണ്ണാടി ഹയർസെക്കണ്ടറി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അർജുൻ ജീവനൊടുക്കിയ സംഭവത്തിൽ രണ്ട് അധ്യാപികമാർക്ക് സസ്പെൻഷൻ. സ്കൂളിലെ പ്രധാനാധ്യാപിക ലിസിയേയും ആരോപണവിധേയയായ ക്ലാസ് ടീച്ചർ ആശയെയുമാണ് സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്. പത്ത് ദിവസത്തേക്കാണ് ഇരുവരെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്. തുടർ നടപടികൾ സർക്കാർ വകുപ്പുതല നിർദ്ദേശങ്ങൾക്ക് വിധേയമായി സ്വീകരിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
അർജുന്റെ മരണവുമായി ബന്ധപ്പെട്ട് ക്ലാസ് ടീച്ചർക്കെതിരെ ആരോപണവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. ആശ ടീച്ചർ ക്ലാസ് മുറിയിൽവെച്ച് സൈബർ സെല്ലിനെ വിളിച്ചിരുന്നുവെന്നും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പിഴയും നൽകേണ്ടിവരുമെന്നും അർജുനെ അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് അർജുന്റെ സഹപാഠി രംഗത്ത് വന്നിരുന്നു. അതിനുശേഷം അർജുൻ അസ്വസ്ഥനായിരുന്നുവെന്നും സ്‌കൂൾ വിട്ട് പോകുമ്പോൾ മരിക്കുമെന്ന് പറഞ്ഞ് തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞെന്നും സഹപാഠി പറഞ്ഞു. അതേസമയം, താൻ തെറ്റ് ചെയ്തിട്ടില്ലെന്നും അമ്മാവൻ തല്ലിയതുകൊണ്ടാണ് അർജുൻ മരിച്ചതെന്നുമാണ് ആശ ടീച്ചർ മറ്റൊരു സുഹൃത്തിനോട് പറഞ്ഞത്.
വെള്ളിയാഴ്ച വൈകിട്ടാണ് അർജുന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപിക്കുന്ന സംഭവം നടന്നത്. അർജുൻ ഉൾപ്പെടെയുള്ള നാല് വിദ്യാർത്ഥികൾ ഇൻസ്റ്റഗ്രാമിൽ സന്ദേശം അയച്ചത് ഒരു രക്ഷിതാവ് അറിയുകയും ഇത് സ്‌കൂളിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് മുഴുവൻ രക്ഷിതാക്കളെയും സ്‌കൂളിലേക്ക് വിളിപ്പിക്കുകയും കുട്ടികളെ ശാസിച്ച് വിടുകയുമായിരുന്നു. പിന്നീട് ക്ലാസ് അധ്യാപിക സമാന വിഷയത്തിൽ ഇടപെടുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം. ക്ലാസിലെ അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് അർജുന്റെ കുടുംബവും ആരോപിച്ചിരുന്നു.











