04:21am 15 October 2026
NEWS
കൊഴിഞ്ഞാമ്പാറയിലെ കുട്ടികളുടെ മരണം കൊലപാതകമെന്ന് പൊലീസ്; അമ്മ നിവേദ്യയെ ചോദ്യം ചെയ്യുന്നു
30/09/2026  03:07 PM IST
nila
കൊഴിഞ്ഞാമ്പാറയിലെ കുട്ടികളുടെ മരണം കൊലപാതകമെന്ന് പൊലീസ്; അമ്മ നിവേദ്യയെ ചോദ്യം ചെയ്യുന്നു

കൊഴിഞ്ഞാമ്പാറ: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾ വെള്ളത്തൊട്ടിയിൽ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുട്ടികളുടെ മരണത്തിന് പിന്നിൽ കൊലപാതകമാണെന്നും കുട്ടികളെ കൊലപ്പെടുത്തിയതായി മാതാവ് നിവേദ്യ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

ഭാവിയിലെ ജീവിതത്തിന് കുട്ടികൾ തടസമാകുമെന്ന തോന്നലാണ് കൊലയ്ക്ക് കാരണമായതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി ഡിവൈഎസ്പി ശശിധരൻ പറഞ്ഞു.

കുളിച്ചുകൊണ്ടിരുന്ന മൂത്ത കുട്ടിയെ ആദ്യം വെള്ളത്തിൽ മുക്കിയശേഷം ഇളയ കുട്ടിയെയും വെള്ളത്തിൽ മുക്കിക്കൊന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് മുൻപുള്ള സംഭവങ്ങളും സാഹചര്യങ്ങളും പരിശോധിച്ചതോടെയാണ് കുട്ടികളുടെ മരണം അപകടമല്ലെന്ന് വ്യക്തമായതെന്നും പൊലീസ് അറിയിച്ചു.

ജോൺ കുമാർ–നിവേദ്യ ദമ്പതികളുടെ മക്കളായ ജെന്നിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ടെ വാടകവീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്.

കുട്ടികൾ കളിക്കുന്നതിനിടെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ വീണതാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. വെള്ളത്തൊട്ടിയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ കുട്ടികളെ നാട്ടുകാർ ഉടൻ അത്താണിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

ജെന്നിഫർ മേനോൻപാറ യു.പി. സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img