11:20am 23 August 2026
NEWS
പാലക്കാട് ഡിവിഷൻ വിഭജനം: തിരുവോണ ദിവസം യുഡിഎഫ് എംപിമാരുടെ സത്യഗ്രഹം
23/08/2026  10:49 AM IST
nila
പാലക്കാട് ഡിവിഷൻ വിഭജനം: തിരുവോണ ദിവസം യുഡിഎഫ് എംപിമാരുടെ സത്യഗ്രഹം

ബെംഗളൂരു: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു മേഖലയിലെ സ്റ്റേഷനുകൾ മൈസൂരു ഡിവിഷനിൽ ഉൾപ്പെടുത്താനുള്ള തീരുമാനം കേരളത്തിന് വലിയ സാമ്പത്തിക തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. അതേസമയം, മൈസൂരു റെയിൽവേ ഡിവിഷന്റെ വാർഷിക വരുമാനത്തിൽ 500 മുതൽ 600 കോടി രൂപ വരെ വർധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

പാലക്കാട് ഡിവിഷന് പ്രതിവർഷം ഏകദേശം 1100 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് സൂചന. ഡിവിഷന്റെ ആകെ വരുമാനത്തിന്റെ 90 ശതമാനവും ചരക്ക് നീക്കത്തിൽ നിന്നാണ് ലഭിക്കുന്നത്. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന പനമ്പൂർ ഉൾപ്പെടെയുള്ള മേഖലകൾ മൈസൂരു ഡിവിഷന്റെ ഭാഗമാകുന്നതാണ് പ്രധാന തിരിച്ചടി.

മംഗളൂരു തുറമുഖവുമായി ബന്ധപ്പെട്ട് കൽക്കരി, വളം, പെട്രോളിയം ഉൾപ്പെടെയുള്ള ചരക്കുകൾ കൈകാര്യം ചെയ്യുന്ന പ്രധാന കേന്ദ്രമാണ് പനമ്പൂർ. മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ സ്റ്റേഷനുകളും പാലക്കാട് ഡിവിഷന് നഷ്ടമാകുന്നതോടെ ടിക്കറ്റ് വരുമാനത്തിലും കുറവുണ്ടാകും.

ട്രെയിൻ നിയന്ത്രണത്തിലും മാറ്റം

ഉള്ളാൾ മുതൽ മംഗളൂരു റെയിൽവേ സ്റ്റേഷൻ വരെയുള്ള മേഖലകൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നതോടെ മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ നിയന്ത്രണം മൈസൂരു ഡിവിഷന്റെ കീഴിലാകും.

കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ മംഗളൂരുവിലേക്ക് നീട്ടുന്നതിനും ഇനി മൈസൂരു ഡിവിഷന്റെ അനുമതി ആവശ്യമായി വരും. എമർജൻസി ക്വാട്ട ഉൾപ്പെടെയുള്ള ടിക്കറ്റ് സൗകര്യങ്ങൾക്കായി മലബാർ മേഖലയിലുള്ളവർ മൈസൂരു ഡിവിഷനെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുന്നത് ഡിവിഷന്റെ ഭാവി പ്രവർത്തനങ്ങളെയും വികസന പദ്ധതികളെയും ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. റെയിൽവേയുടെ ആകെ വരുമാനത്തിൽ വലിയ കുറവുണ്ടാകില്ലെങ്കിലും കേരളത്തിന്റെ റെയിൽവേ വികസനത്തിന് തീരുമാനം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

തിരുവോണ ദിവസം യുഡിഎഫ് എംപിമാരുടെ സത്യഗ്രഹം

അതേസമയം, പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധിച്ച് മലബാറിൽ നിന്നുള്ള യുഡിഎഫ് എംപിമാർ തിരുവോണ ദിവസം സത്യഗ്രഹം നടത്തും. പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിന് മുന്നിലാണ് സമരം.

ഡിവിഷൻ വിഭജനത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന റെയിൽവേ മന്ത്രിയുടെ പ്രസ്താവന വിശ്വസിക്കാനാകില്ലെന്ന് യുഡിഎഫ് എംപിമാർ ആരോപിച്ചു. കർണാടകയിൽ ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് തീരുമാനമെന്നും അവർ വിമർശിച്ചു.

തീരുമാനം പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് എംപിമാർ വ്യക്തമാക്കി. കർണാടക നിയമസഭാ തിരഞ്ഞെടുപ്പാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും യുഡിഎഫ് എംപിമാർ ആരോപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img