11:27am 15 September 2026
NEWS
പാലക്കാട് റെയിൽവേ ഡിവിഷൻ: കേരളം അതിശക്തമായി പ്രതികരിക്കണം
15/09/2026  08:59 AM IST
പാലക്കാട് റെയിൽവേ ഡിവിഷൻ: കേരളം അതിശക്തമായി പ്രതികരിക്കണം

റെയിൽവേ പാലക്കാട് ഡിവിഷനിലെ മംഗളുരു കേന്ദ്രീകരിച്ചുള്ള ഭാഗങ്ങൾ വിഭജിച്ച് മൈസൂരു ഡിവിഷന്റെ ഭാഗമാക്കുന്ന തീരുമാനം ഒക്‌ടോബർ ഒന്ന് മുതൽ പ്രാബല്യത്തിലാവും. ഇതിനുള്ള ഗസറ്റ് വിജ്ഞാപനം ഇറങ്ങിയ ശേഷമാണ് കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങൾ പോലും വിവരം അറിയുന്നത് എന്നവർ പരാതി ഉന്നയിച്ചിട്ടുണ്ട്. കാസർഗോഡ് അതിർത്തിയിലെ ദക്ഷിണ കർണ്ണാടകയുടെ ഭാഗങ്ങളാണ് മൈസൂരു ഡിവിഷന്റെ ഭാഗമാക്കിയിട്ടുള്ളത്. കേരളത്തിന്റെ റെയിൽവേ വികസനസ്വപ്നങ്ങൾക്ക് മേലുള്ള കനത്ത പ്രഹരമായി പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കൽ.
പാലക്കാട് ഡിവിഷന്റെ കീഴിലായിരുന്ന ദക്ഷിണ കർണ്ണാടകയുടെ ഭാഗങ്ങൾ മൈസൂരിന്റെ ഭാഗമാക്കാനുള്ള തീരുമാനം പെട്ടെന്നുണ്ടായ ഒന്നല്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടെങ്കിലുമായി ഇന്ത്യൻ റെയിൽവേയ്ക്ക് കേരളത്തിന്റെ കാര്യത്തിലുള്ള താൽപ്പര്യക്കുറവിന്റെയും അവഗണനയുടെയും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഈ നടപടി.

2007 നവംബറിൽ പാലക്കാട് ഡിവിഷൻ വിഭജിച്ച് സേലം ഡിവിഷൻ രൂപവൽക്കരിച്ചതാണ് കേരളത്തിൽ ഏൽക്കേണ്ടി വന്ന ആദ്യത്തെ കനത്ത പ്രഹരം. അന്ന് പാലക്കാട് ഡിവിഷനിലുണ്ടായിരുന്ന കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, ഊട്ടി തുടങ്ങി ഉയർന്ന വരുമാനമുള്ള വ്യവസായിക പാതകളും 123 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ ശൃംഖലയും പാലക്കാട് ഡിവിഷന് നഷ്ടമായി. അതിലൂടെ പ്രതിവർഷം 200 കോടിയിലധികം രൂപയുടെ വരുമാനച്ചോർച്ചയാണ് സംഭവിച്ചത്.

പിന്നീട് 2008-2009 ലെ റെയിൽവേ ബജറ്റിൽ പാലക്കാട്ടെ കഞ്ചിക്കോട് കേന്ദ്രം കോച്ച് ഫാക്ടറി പ്രഖ്യാപിക്കുകയുണ്ടായി. ഫാക്ടറിക്കായി 228 ഏക്കറിലധികം ഭൂമി ഏറ്റെടുത്തു. 2012 ഫെബ്രുവരി 21 ന് കോട്ട മൈതാനത്ത് നടന്ന ചടങ്ങിൽ അന്നത്തെ റെയിൽവേ മന്ത്രി തറക്കല്ലിട്ടു. എന്നാൽ ഈ വർഷം ആഗസ്റ്റ് 4 ന് കേന്ദ്ര റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രം ഉപേക്ഷിച്ചെന്ന് രാജ്യസഭയിൽ പ്രഖ്യാപിച്ചു. ഇന്ത്യൻ റെയിൽവേയുടെ ആവശ്യങ്ങൾക്ക് നിലവിലുള്ള കോച്ച് നിർമ്മാണ യൂണിറ്റുകൾ തന്നെ ധാരാളമാണെന്നായിരുന്നു കാരണം പറഞ്ഞത്.

പാലക്കാട് ഡിവിഷന്റെ വലുപ്പവും വരുമാനവും കുറയുന്നതോടെ കേരളത്തിന് സ്വന്തമായി റെയിൽ വേ സോൺ വേണമെന്ന ആവശ്യം തന്നെ എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരും. റെയിൽവേയുടെ മാനദണ്ഡം അനുസരിച്ച് പുതിയ സോൺ അനുവദിക്കണമെങ്കിൽ ചുരുങ്ങിയത് മൂന്ന് ഡിവിഷനുകളും മതിയായ പാദദൈർഘ്യവും സാമ്പത്തികശേഷിയും വേണം.

പ്രതിദിനം ശരാശരി 2.75 കോടി രൂപ വരുമാനമുണ്ടായിരുന്ന പാലക്കാട് ഡിവിഷന് മംഗളുരു മേഖല ഒഴിവാകുന്നതോടെ പ്രതിവർഷം ഏകദേശം 1,100 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. അതോടെ പാലക്കാട് ഡിവിഷൻ വരുമാനം കുറഞ്ഞ ചെറിയ ഡിവിഷനുകളുടെ പട്ടികയിലേക്ക് തള്ളപ്പെടും. സാമ്പത്തികമായി ലാഭകരമല്ലാത്ത സ്ഥിതി വന്നാൽ പാലക്കാട് ഡിവിഷനെ അനതിവിദൂരഭാവിയിൽ മറ്റേതെങ്കിലും ഡിവിഷന് കീഴിലേക്ക് ഇന്ത്യൻ റെയിൽവേ മാറ്റിയാലും അത്ഭുതപ്പെടാനില്ല. ഏതായാലും മലബാർ മേഖലയിലെ യാത്രാക്ലേശം കൂടുതൽ ഗുരുതരമാക്കുന്നതാണ് റെയിൽവേയുടെ നടപടികൾ.

തീരുമാനം പുനഃപരിശോധിക്കാൻ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചതുകൊണ്ടോ, എം.പിമാർ പാർലമെന്റിൽ വിഷയം ഉന്നയിച്ചതുകൊണ്ടോ റെയിൽവേ തീരുമാനം മാറ്റും എന്നാരും കരുതേണ്ടതില്ല. പ്രധാനമന്ത്രിയും കേന്ദ്രക്യാബിനറ്റും ഇടപെടുംവിധം കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം ഒറ്റക്കെട്ടായി ഒരേ സ്വരത്തിൽ കേന്ദ്രത്തിനുമേൽ സമ്മർദ്ദം ചെലുത്തുകയും, ഇടപെടലുകൾ നടത്തുകയും വേണം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.